
<strong>ബെംഗളൂരു</strong>: സർക്കാർ ക്ലിനിക്കിലെ ജോലിക്ക് ശമ്പളം വാങ്ങുകയും എന്നാൽ ജോലിക്ക് ഹാജരാകാതെ പിജി പഠനം നടത്തുകയും ചെയ്ത വനിതാ ഡോക്ടറെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. കർണാടകയിലെ കോൺഗ്രസ് എംഎൽഎയായ ഉമേഷ് മേട്ടിയുടെ ബന്ധു കൂടിയായ ഡോ. അങ്കിത യാറഗലിനെയാണ് മെഡിക്കൽ ഓഫീസറുടെ ചുമതലയിൽനിന്ന് ഒഴിവാക്കിയത്. ജോലിക്ക് ഹാജരാകാതെ മാസങ്ങളോളം ശമ്പളം കൈപ്പറ്റിയ ഡോ. അങ്കിത, ഈ സമയം സ്വകാര്യ മെഡിക്കൽ കോളേജിൽ പിജി പഠനം നടത്തിവരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.ബാഗൽകോട്ട് എംഎൽഎയായ ഉമേഷ് മേട്ടിയുടെ അനന്തരവളാണ് ഡോ. അങ്കിത.
സംസ്ഥാന സർക്കാരിന് കീഴിലുള്ള ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിലെ മെഡിക്കൽ ഓഫീസറായിരുന്നു ഇവർ. എന്നാൽ, കഴിഞ്ഞ മാർച്ച് മുതൽ അങ്കിത ക്ലിനിക്കിൽ ജോലിക്ക് ഹാജരായിരുന്നില്ലെന്നാണ് കണ്ടെത്തൽ. അതേസമയം, ഇക്കാലയളവിൽ 70,000 രൂപ പ്രതിമാസ ശമ്പളം കൃത്യമായി കൈപ്പറ്റിയിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
നമ്മ ക്ലിനിക്കിൽ ഡോക്ടറുടെ സേവനം മുടങ്ങിയതോടെ ബാഗൽകോട്ട് ജില്ലാ പഞ്ചായത്ത് സിഇഒ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് മെഡിക്കൽ ഓഫീസറായി ശമ്പളം വാങ്ങുന്ന ഡോക്ടർ, ഇതേസമയം തന്നെ സ്വകാര്യ മെഡിക്കൽ കോളേജിൽ പിജി പഠനം നടത്തുന്നതായി കണ്ടെത്തിയത്
