Home » Blog » Kerala » ജലപീരങ്കി വിവാദം: പിണറായി നിയമസഭയിൽ ഉയർത്തിക്കാട്ടിയ കുപ്പി വെള്ളത്തിൽ അണുബാധയില്ല, ഇരുമ്പിന്റെ അംശം മാത്രം ; പരിശോധനാ റിപ്പോർട്ട് പുറത്ത് – പരിഹസിച്ച് ചെന്നിത്തല
5

തിരുവനന്തപുരം: എൽഡിഎഫ് സമരത്തിന് നേരെ പോലീസ് പ്രയോഗിച്ച ജലപീരങ്കിയിൽ മാലിന്യം കലർന്ന വെള്ളമാണ് ഉപയോഗിച്ചതെന്ന പ്രതിപക്ഷ ആരോപണം തള്ളി പരിശോധനാ റിപ്പോർട്ട്. പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ലെന്ന് കണ്ടെത്തിയത്. വെള്ളത്തിൽ നേരിയ തോതിൽ ഇരുമ്പിന്റെ അംശം മാത്രമാണുള്ളത്.

നേരത്തെ കെ. രാജൻ ആദ്യം ഉന്നയിച്ച ഈ ആരോപണം പിന്നീട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിലും ഉന്നയിച്ചിരുന്നു. കുപ്പിയിൽ നിറച്ച വെള്ളവുമായാണ് പിണറായി നിയമസഭയിലെത്തിയത്. ഇതിന് പിന്നാലെയാണ് ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി.

പ്രവർത്തകർക്ക് നേരെ പ്രയോഗിച്ചത് മലിന ജലമല്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തന്നെ വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജലപീരങ്കി കേരളത്തിൽ ആദ്യമായിട്ടല്ല ഉപയോഗിക്കുന്നത്. കഴിഞ്ഞ പത്ത് വർഷവും ഉപയോഗിച്ച അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്, അതിൽ യാതൊരു വ്യത്യാസവുമില്ല. വെറുതെ ആവശ്യമില്ലാതെ പോലീസിനെ ആക്രമിക്കുകയും അവർക്കെതിരെ ആക്രോഷിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസിന് സ്വാഭാവിക നടപടിയെടുക്കേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്ത് എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നിട്ട് കേവലം 100 ദിവസം മാത്രമേ ആയിട്ടുള്ളൂവെന്നും, ഇത്രയും വലിയ അക്രമം നിറഞ്ഞ സമരം നടത്തേണ്ട എന്ത് സാഹചര്യമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു. സിപിഎമ്മിൽ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ മറക്കാൻ വിദ്യാർഥികളെയും യുവജനങ്ങളെയും കരുവാക്കരുത്. പാർട്ടിയുടെ സമ്മേളനം നടക്കാൻ പോകുന്നതിനു മുൻപായി അധികാരം ഉറപ്പിക്കാൻ വേണ്ടിയുള്ള ഏർപ്പാടാണിതെന്ന് എല്ലാവർക്കും ഇതിനോടകം മനസിലായിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

കഴിഞ്ഞ പത്തുവർഷമായി ഈ സംഘടനകളെ ഒന്നും സമരരംഗത്ത് കണ്ടിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. എന്തിനു വേണ്ടിയാണ് ഇപ്പോഴത്തെ സമരം എന്ന് മനസിലാകുന്നില്ല. ഡിജിപി ഓഫീസിലേക്കും യൂണിവേഴ്സിറ്റിയിലേക്കും സമരം ചെയ്യിപ്പിച്ച് വിദ്യാർഥികളെ ഇളക്കി വിട്ട് വെറുതെ പ്രശ്നമുണ്ടാക്കുകയാണ് ചെയ്യുന്നത്. വിദ്യാർഥികളുടെ ഏത് ആവശ്യമാണ് ഇവിടെ ഹനിക്കപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന് 100 ദിവസം മാത്രമല്ലേ ആയുള്ളൂ, അല്പം ക്ഷമിക്കാൻ തയ്യാറാകണമെന്നും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *