വാഷിങ്ടൻ: ഇസ്‌ലാമാബാദിലെ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ, ഇറാനെതിരെയും ചൈനയ്ക്കെതിരെയും കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ചൈന ഇറാനിലേക്ക് ആയുധങ്ങൾ അയക്കാൻ തയാറെടുക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളോടായിരുന്നു ട്രംപിന്റെ പ്രതികരണം.
‘‘അവർ അത് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ ചെയ്താൽ, അവർക്ക് മേൽ 50 ശതമാനം തീരുവ ചുമത്തും. അതൊരു വലിയ തുകയാണ്’’ – ഡോണൾഡ് ട്രംപ് പറഞ്ഞു. ഭീഷണിപ്പെടുത്തുന്നതിനൊപ്പം തന്നെ ചൈനയ്ക്ക് എണ്ണ വിൽക്കാമെന്ന വാഗ്ദാനവും ട്രംപ് മുന്നോട്ടുവച്ചു. അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ നൽകാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വർഷം ആദ്യം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനുശേഷം വെനസ്വേലയുടെ ഭരണം പരോക്ഷമായി അമേരിക്കയുടെ നിയന്ത്രണത്തിലാണ്.
‘‘ചൈനയ്ക്ക് അവരുടെ കപ്പലുകൾ ഞങ്ങളുടെ അടുത്തേക്കോ വെനസ്വേലയിലേക്കോ അയക്കാം. ഞങ്ങളുടെ പക്കൽ ആവശ്യത്തിലധികം എണ്ണയുണ്ട്. ഇറാനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഞങ്ങൾ അത് നൽകും.’’ – ട്രംപ് പറഞ്ഞു.
