ചെന്നൈ: നോർവേ ചെസ് കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച് ചരിത്രം കുറിച്ച ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആദരിച്ചു. ചരിത്രവിജയത്തിന് പാരിതോഷികമായി 50 ലക്ഷം രൂപയും അദ്ദേഹം കൈമാറി. ആശംസകൾ പങ്കുവെക്കുന്നതിനിടയിൽ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക മേശപ്പുറത്ത് വെച്ച് ഇരുവരും ഒരു സൗഹൃദ ചെസ് മത്സരത്തിലും ഏർപ്പെട്ടു. ഏറെ അപ്രതീക്ഷിതവും സന്തോഷകരവുമായ നിമിഷങ്ങളായിരുന്നു ഇതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഗ്നാനന്ദ പറഞ്ഞു.
ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്ന ഇരുവരുടെയും ചെസ് മത്സരത്തിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുമായി ചെസ് കളിക്കാൻ കഴിയുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. ഇതൊരു വലിയ സർപ്രൈസ് നിറഞ്ഞ നിമിഷമായിരുന്നു. അദ്ദേഹം മുൻപ് ചെസ് കളിക്കുമായിരുന്നു എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞങ്ങൾ ചെസ് ബോർഡ് കൊണ്ടുവരാൻ ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ മേശപ്പുറത്ത് വെച്ച് കളിക്കുകയുമായിരുന്നു. മത്സരത്തിൽ ഞാൻ വിജയിച്ചെങ്കിലും മുഖ്യമന്ത്രി വളരെ നന്നായി തന്നെ കളിച്ചു. മുൻപ് കൂട്ടുകാരുമായി ചെസ് കളിക്കാറുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഈ സമ്മാനവും അദ്ദേഹത്തിന്റെ വാക്കുകളും വലിയ പ്രചോദനമാണ് പ്രഗ്നാനന്ദ പറഞ്ഞു.
ഓസ്ലോയിൽ നടന്ന പ്രശസ്തമായ നോർവേ ചെസ് ടൂർണമെന്റിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം കിരീടം ചൂടുന്നത്. പത്താം റൗണ്ടിൽ ജർമ്മൻ താരം വിൻസെന്റ് കീമറെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ ഈ നേട്ടം കൈവരിച്ചത്. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ രണ്ട് തവണ പരാജയപ്പെടുത്തിയ പ്രഗ്നാനന്ദ, നിലവിലെ ലോക ചാമ്പ്യൻ ഡോമ്മരാജു ഗുകേഷ്, അലിറേസ ഫിറോസ്ജ, വെസ്ലി സോ തുടങ്ങിയ ലോകോത്തര താരങ്ങളെ പിന്നിലാക്കിയാണ് കിരീടത്തിൽ മുത്തമിട്ടത്.
