Home » Blog » Kerala » ചെറിയ പിസ നൽകി കബളിപ്പിച്ചു; പരാതി നൽകിയ ഉപഭോക്താവിന് അനുകൂലമായ വിധിയുമായി അധികൃതർ
Untitled-1-2-680x450

ഓർഡർ ചെയ്ത അളവിൽ ഭക്ഷണം നൽകാതെ ഉപഭോക്താവിനെ വഞ്ചിച്ച ഫുഡ് ഡെലിവറി ആപ്പിനും കഫേയ്ക്കും കനത്ത പിഴ ശിക്ഷ. 10 ഇഞ്ച് വലിപ്പമുള്ള പിസ ഓർഡർ ചെയ്ത ഉപഭോക്താവിന് 7 ഇഞ്ച് മാത്രം വലിപ്പമുള്ള പിസ നൽകിയ സംഭവത്തിൽ 10,520 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരാഖണ്ഡിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചത്. ഹരിദ്വാർ ജില്ലാ ഉപഭോക്തൃ കമ്മീഷൻ പ്രസിഡന്റ് ഗഗൻ കുമാർ ഗുപ്ത, അംഗങ്ങളായ ഡോ. അമരേഷ് റാവത്ത്, രഞ്ചന ഗോയൽ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഉത്തരാഖണ്ഡ് ജവാൽപൂർ സ്വദേശിയായ രാജ് ട്രേഹനാണ് പരാതിക്കാരൻ. 2020 മാർച്ച് മാസത്തിൽ തപോവനിലെ ‘കഫേ ഫോസ്റ്റ് ഫാക്ടറി’യിൽ നിന്ന് സ്വിഗ്ഗി ആപ്പ് വഴി 505 രൂപ നൽകിയാണ് ഇയാൾ പിസ ഓർഡർ ചെയ്തത്. എന്നാൽ ഡെലിവറി ലഭിച്ചപ്പോൾ ഓർഡർ ചെയ്തതിലും 3 ഇഞ്ച് വലിപ്പം കുറവാണെന്ന് കണ്ടു. തുടർന്ന് പരാതിപ്പെട്ടിട്ടും പണം തിരികെ നൽകാൻ കമ്പനികൾ തയ്യാറാകാത്തതിനെ തുടർന്നാണ് ഉപഭോക്താവ് ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ വഴി നിയമനടപടി സ്വീകരിച്ചത്.

തങ്ങൾ വെറുമൊരു ഇടനിലക്കാർ മാത്രമാണെന്ന ഫുഡ് ഡെലിവറി ആപ്പിന്റെ വാദം തള്ളിയ കമ്മീഷൻ, ഉപഭോക്താവിനോട് കാണിച്ചത് അനീതിപരമായ വ്യാപാര രീതിയും സേവനത്തിലെ വീഴ്ചയുമാണെന്ന് വ്യക്തമാക്കി. വിധി വന്ന് 45 ദിവസത്തിനകം നഷ്ടപരിഹാര തുക നൽകണം. പിസയുടെ വിലയായ 505 രൂപ, ഡെലിവറി ചാർജ് 15 രൂപ, മാനസിക ബുദ്ധിമുട്ടുകൾക്ക് 5,000 രൂപ, കോടതിയലച്ചിലിന്റെ ചെലവായി 5,000 രൂപ എന്നിവ ഉൾപ്പെടെയാണ് 10,520 രൂപ നൽകേണ്ടത്. നിശ്ചിത സമയത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ 10 ശതമാനം പലിശ സഹിതം നൽകണമെന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *