Home » Blog » kerala Max » “ചുറ്റുമുള്ള അഴിമതിക്കാരെയാണ് നിങ്ങള്‍ക്ക് വേണ്ടത്, ആത്മാര്‍ഥതയുള്ളവരെ കേള്‍ക്കാന്‍ നിങ്ങള്‍ക്ക് സമയമില്ല”; രാഹുല്‍ ഗാന്ധിയെ വിമർശിച്ച് നവ്‌ജോത് കൗര്‍ സിദ്ദു
3

കോയമ്പത്തൂര്‍: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട നവ്‌ജോത് കൗര്‍ സിദ്ദു. രാഹുല്‍ ഗാന്ധിക്ക് താഴെത്തട്ടിലെ യാഥാര്‍ഥ്യങ്ങള്‍ അറിയില്ലെന്നും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും നവ്‌ജോത് കൗര്‍ സിദ്ദു വിമര്‍ശിച്ചു. പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യയായ നവ്‌ജോത് കൗര്‍ സിദ്ദുവിനെ അച്ചടക്ക ലംഘനത്തിന് ഈയിടെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.

രാഹുല്‍ ഗാന്ധി നിഷ്‌ക്രിയനായത് പഞ്ചാബിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണമാകുകയാണെന്ന് നവ്‌ജോത് കൗര്‍ കുറ്റപ്പെടുത്തി. “താഴെത്തട്ടില്‍ നടക്കുന്നത് എന്താണെന്ന് രാഹുല്‍ ഗാന്ധി അറിയുന്നില്ല. അദ്ദേഹം നന്നായി സംസാരിക്കും. വകതിരിവോടെ സംസാരിക്കും. എന്നാല്‍ അദ്ദേഹം പറയുന്നതും ചെയ്യുന്നതും വേറെയാണ്. താങ്കള്‍ നിയമിച്ച പാര്‍ട്ടി അധ്യക്ഷനും ആളുകളും ചേര്‍ന്ന് പഞ്ചാബിലെ കോണ്‍ഗ്രസിനെ തകര്‍ക്കുകയാണെന്ന് രാഹുലിനോട് പറയാന്‍ ഞാന്‍ എട്ട് മാസമായി ശ്രമിക്കുകയാണ്. പഞ്ചാബിലെ കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയാണ് അദ്ദേഹം. നിങ്ങള്‍ക്ക് കീഴില്‍ നടക്കുന്നത് എന്താണെന്ന് അറിയാന്‍ കഴിയുന്നില്ലെങ്കില്‍ ആ പദവിയിലിരിക്കാന്‍ നിങ്ങള്‍ അര്‍ഹനല്ല. പഞ്ചാബിന് വേണ്ടി എല്ലാം ത്യജിച്ചവരാണ് ഞങ്ങള്‍. ഉപമുഖ്യമന്ത്രി സ്ഥാനവും എനിക്ക് എംപി പദവിയും വാഗ്ദാനം ചെയ്തു. എന്നാല്‍ ഒന്നും നല്‍കിയില്ല. ചുറ്റുമുള്ള അഴിമതിക്കാരെയാണ് നിങ്ങള്‍ക്ക് വേണ്ടത്. ആത്മാര്‍ഥതയുള്ളവരെ കേള്‍ക്കാന്‍ നിങ്ങള്‍ക്ക് സമയമില്ല.” – അവര്‍ പറഞ്ഞു.

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാ വാറിങ്ങുമായുള്ള കടുത്ത ഭിന്നതക്കൊടുവില്‍ കഴിഞ്ഞ ഡിസംബറില്‍ നവ്‌ജോത് കൗറിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയാകാന്‍ 500 കോടിയുള്ളവര്‍ക്കേ സാധിക്കൂ എന്ന വിവാദ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു നടപടി. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും നവ്‌ജോത് കൗറിന്റെ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ആദ്യമാണ് താന്‍ പാര്‍ട്ടി വിടുന്നതായി ഇവര്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് നവ്‌ജോത് കൗറിനെ കോണ്‍ഗ്രസ് പുറത്താക്കിയതായി അറിയിച്ചത്.