അരവിന്ദ് സംവിധാനം ചെയ്യുന്ന ഫാമിലി റൊമാന്റിക് കോമഡി ചിത്രം ‘മധുവിധു’വിന്റെ ടീസർ പുറത്തിറങ്ങി. നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം മെയ് 1ന് തിയേറ്ററുകളിലെത്തും.
അഞ്ച് പുരുഷന്മാർ മാത്രമുള്ള, സ്ത്രീകൾ ഇല്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കോമഡിക്കും പ്രണയത്തിനും തുല്യ പ്രാധാന്യം നൽകുന്ന ഒരു ഫൺ എന്റർടെയ്നറായിരിക്കും ഇതെന്ന് ടീസർ സൂചന നൽകുന്നു. ‘ഷൈലോക്ക്’, ‘മധുര മനോഹര മോഹം’ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാക്കളായ ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു. സംഗീതം ഹിഷാം അബ്ദുൾ വഹാബ്, ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ.
