Home » Blog » Kerala » “ചിത്രം എല്ലാ പരിധികളും ലംഘിച്ചു, വിശ്വാസികൾക്ക് ഇത് അംഗീകരിക്കാനാവില്ല”, പ്രതിഷേധം ശക്തം; ട്രംപ് യേശുവായ ചിത്രം പിൻവലിച്ചു
9

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വയം യേശുവിനെപ്പോലെ ചിത്രീകരിച്ച വിവാദ സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിച്ചു. എഐ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ചിത്രത്തിൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായാണ് കാണിച്ചിരിക്കുന്നത്. ട്രൂത്ത് സോഷ്യൽ വഴി പങ്കുവെച്ച ഈ പോസ്റ്റിനെതിരെ ട്രംപിനെ പിന്തുണക്കുന്നവരിൽ നിന്നുപോലും ശക്തമായ പ്രതിഷേധം ഉയർന്നു. ചിത്രത്തിൽ താൻ ഒരു ഡോക്ടറായാണ് പ്രത്യക്ഷപ്പെട്ടതെന്ന് ട്രംപ് പറഞ്ഞെങ്കിലും ആളുകളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതിനാലാണ് അത് നീക്കം ചെയ്തതെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കി.

വെള്ള വസ്ത്രം ധരിച്ച ട്രംപ് രോഗിയുടെ നെറ്റിയിൽ പ്രകാശമുള്ള കൈ വെച്ചിരിക്കുന്നതായിരുന്നു ചിത്രത്തിലെ രംഗം. ഇത് യേശു രോഗികളെ സുഖപ്പെടുത്തുന്ന മതചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യ പ്രതിമയും അമേരിക്കൻ പതാകയും യുദ്ധവിമാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. “താൻ ആളുകളെ കൂടുതൽ മെച്ചപ്പെടുത്തുകയാണ്” എന്നായിരുന്നു ചിത്രം പങ്കുവെച്ചതിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം.

എന്നാൽ ഇത്തരമൊരു ചിത്രം യാതൊരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് ക്രൈസ്തവ പ്രവർത്തകനായ ഷോൺ ഫ്യൂച്ച് പറഞ്ഞു. കൂടാതെ, മതവിശ്വാസികളുടെ ഭാഗത്തുനിന്നും ചിത്രത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. ദൈവത്തെ പരിഹസിക്കരുതെന്ന് പ്രമുഖ പ്രവർത്തകനായ റൈലി ഗെയിൻസ് പ്രതികരിച്ചു. ചിത്രം എല്ലാ പരിധികളും ലംഘിച്ചുവെന്നും വിശ്വാസികൾക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും ക്രൈസ്തവ വാർത്താമാധ്യമത്തിലെ പത്രപ്രവർത്തകൻ ഡേവിഡ് ബ്രോഡി വ്യക്തമാക്കി.