Home » Blog » Kerala » ചരിത്രം കുറിച്ച് ബേപ്പൂര്‍: ഐടിബി ബെര്‍ലിനില്‍ ഇരട്ട നേട്ടം
images - 2026-03-05T182343.016

 

ക്വാളിറ്റി കോസ്റ്റ് സര്‍ട്ടിഫിക്കേഷനില്‍ വെങ്കലത്തിളക്കം

 

ഉരു പൈതൃക സംരക്ഷണത്തിന് ഗ്രീന്‍ ഡെസ്റ്റിനേഷന്‍ സ്റ്റോറി പുരസ്‌കാരം

 

ആഗോള വിനോദ സഞ്ചാര പ്രദര്‍ശനമായ ഐടിബി ബെര്‍ലിന്‍ 2026-ല്‍ ഇരട്ട പുരസ്‌കാരങ്ങള്‍ നേടി ബേപ്പൂര്‍. സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന ‘ക്വാളിറ്റി കോസ്റ്റ്’ സര്‍ട്ടിഫിക്കേഷനില്‍ ബേപ്പൂര്‍ വെങ്കലം നേടി. ഇതോടെ ഈ പദവി നേടുന്ന ദക്ഷിണേഷ്യയിലെ ആദ്യ വിനോദസഞ്ചാര കേന്ദ്രം എന്ന ചരിത്ര നേട്ടവും ബേപ്പൂര്‍ സ്വന്തമാക്കി. സാംസ്‌കാരിക പൈതൃക സംരക്ഷണ വിഭാഗത്തിലെ ‘ഐടിബി ഗ്രീന്‍ ഡെസ്റ്റിനേഷന്‍ സ്റ്റോറി’ പുരസ്‌കാരമാണ് രണ്ടാമത്തെ നേട്ടം. ഉരു നിര്‍മ്മാണ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.

 

സാമ്പത്തികം, പരിസ്ഥിതി, സാമൂഹിക-സാംസ്‌കാരിക സുസ്ഥിരത എന്നീ മേഖലകളിലെ മികവ് പരിഗാണിച്ചാണ് ക്വാളിറ്റി കോസ്റ്റ് പുരസ്‌കാരം നല്‍കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനം, പ്രകൃതിഭംഗി, കാലാവസ്ഥ, സംസ്‌കാരം, സാമൂഹിക ക്ഷേമം തുടങ്ങിയ തീമുകളിലായി 75 മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് അംഗീകാരം നല്‍കുന്നത്. യൂറോപ്യന്‍ യൂണിയനാണ് ‘ക്വാളിറ്റി കോസ്റ്റ്’ പുരസ്‌കാരം ആവിഷ്‌കരിച്ചത്. നതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ‘ഗ്രീന്‍ ഡെസ്റ്റിനേഷന്‍സ്’ ആണ് സര്‍ട്ടിഫിക്കേഷന്‍ നടപ്പിലാക്കുന്നത്. ഉരു ഐടിബി ഗ്രീന്‍ ഡെസ്റ്റിനേഷന്‍ സ്റ്റോറി

 

2025 ഒക്ടോബറില്‍ ദുബായില്‍ നടന്ന സുസ്ഥിര വിനോദസഞ്ചാര ഫോറത്തില്‍ ലോകത്തിലെ മികച്ച 100 കേന്ദ്രങ്ങളില്‍ ഒന്നായി ബേപ്പൂര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഒട്ടേറ വികസന പ്രവര്‍ത്തനങ്ങളാണ് ബേപ്പൂരില്‍ നടപ്പിലാക്കി വരുന്നത്. കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഏകോപനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.