ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ മൂന്നാം മത്സരവും വിജയിച്ച് ഇന്ത്യ മുന്നിലെത്തി. 25 പന്ത് ബാക്കി നിർത്തി ഏഴ് വിക്കറ്റിനാണ് ഇന്നലെ ഇന്ത്യ ആതിഥേയരെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 117 റൺസിന് ഓൾഔട്ടായപ്പോൾ, 15.5 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ബൗളർമാരുടെ മികച്ച പ്രകടനത്തിനൊപ്പം 18 പന്തിൽ 35 റൺസ് നേടിയ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ഇന്നിംഗ്സും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ഇലവനിൽ സഞ്ജുവിന് വീണ്ടും അവസരമില്ല
മത്സരം വിജയിച്ചെങ്കിലും ടീം സെലക്ഷൻ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യിലും മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചില്ല. ഓപ്പണിംഗ് സ്ഥാനത്ത് ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പിംഗിൽ ജിതേഷ് ശർമ്മയുമാണ് ഇറങ്ങിയത്. വൈസ് ക്യാപ്റ്റൻ കൂടിയായ ഗില്ലിന് രണ്ടക്കം കടക്കാനായെങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ വീണ്ടും നിരാശപ്പെടുത്തി.
അശ്വിന്റെ നിർദ്ദേശം: “ഗില്ലിന് രണ്ട് അവസരം കൂടി നൽകണം”
ഓപ്പണറെന്ന നിലയിൽ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും ശുഭ്മാൻ ഗില്ലിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ കൂടി അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ അഭിപ്രായപ്പെട്ടു. എന്നാൽ ഈ രണ്ട് മത്സരങ്ങളിൽ കൂടി ഫോമിലാകാൻ സാധിച്ചില്ലെങ്കിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
ഈ വർഷം ടി20 ക്രിക്കറ്റിൽ ഓപ്പണറായി തിരിച്ചെത്തിയ ഗിൽ, 24.25 ശരാശരിയിലും 137.26 സ്ട്രൈക്ക് റേറ്റിലുമായി 291 റൺസാണ് നേടിയത്. എന്നാൽ ഒരു അർദ്ധസെഞ്ച്വറി പോലും നേടാൻ ഗില്ലിന് കഴിഞ്ഞിട്ടില്ല. ഓപ്പണറായി മൂന്ന് സെഞ്ച്വറികൾ നേടിയ സഞ്ജു സാംസൺ പുറത്തിരിക്കുമ്പോഴാണ് ഗില്ലിന് അവസരം നൽകുന്നത് എന്ന വിമർശനം നേരത്തെ തന്നെ ശക്തമായിരുന്നു.
