ഗാസയിൽ വെടിനിർത്തൽ പുനരാരംഭിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു എന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 26 പലസ്തീനികൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. വ്യോമാക്രമണ പരമ്പരയ്ക്ക് ശേഷം ഞായറാഴ്ച വെടിനിർത്തൽ പുനരാരംഭിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
അമേരിക്കയുടെ സമ്മർദ്ദത്തെത്തുടർന്ന് തിങ്കളാഴ്ച മുതൽ സഹായ വിതരണം പുനരാരംഭിക്കുമെന്ന് ഒരു ഇസ്രയേലി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. ഹമാസിന്റെ “പ്രകടമായ” വെടിനിർത്തൽ ലംഘനത്തിന് മറുപടിയായി ഇസ്രയേൽ സഹായ വിതരണം നിർത്തിവച്ചതായും പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകിയിരുന്നു. ഇസ്രയേൽ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാർ വെടിവെച്ചെന്നായിരുന്നു ആരോപണം. തുടർന്ന് റാഫയുൾപ്പെടെ ഗാസയിൽ പലയിടത്തും ഇസ്രയേൽസൈന്യം ആക്രമണം നടത്തി.
