പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും തമ്മിലുള്ള വിവാഹ വാർത്തകളാണ് ഇപ്പോൾ കായിക ലോകത്തെ പ്രധാന ചർച്ചാവിഷയം. ഇവരുടെ വിവാഹത്തിന്റേതെന്ന് അവകാശപ്പെടുന്ന ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ ചോർന്നതാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
ഫുട്ബോൾ രംഗത്തെയും ഹോളിവുഡിലെയും പ്രമുഖർ അണിനിരക്കുന്ന വലിയൊരു അതിഥി നിര തന്നെ വിവാഹത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, റിയോ ഫെർഡിനാന്റ് തുടങ്ങിയ ഫുട്ബോൾ താരങ്ങളും വിൻ ഡീസൽ, റിഹാന, ഡ്രേക്ക് തുടങ്ങിയ വിനോദലോകത്തെ പ്രമുഖരും പട്ടികയിലുണ്ട്.
ഇതിനെല്ലാം പുറമേ, ഫുട്ബോൾ മൈതാനത്തെ ചിരവൈരികളായ ലയണൽ മെസ്സിയെയും വിവാഹത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. മെസ്സി കൂടി വിവാഹത്തിനെത്തിയാൽ അത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും അപൂർവമായ സംഗമങ്ങളിൽ ഒന്നായി മാറും.
ക്രിസ്റ്റ്യാനോയുടെ ജന്മസ്ഥലമായ മദെയ്റയിലെ ഫുഞ്ചാൽ കത്തീഡ്രലിലാണ് വിവാഹച്ചടങ്ങുകൾ നടക്കുമെന്നാണ് വിവരം. കത്തീഡ്രലിലെ ചടങ്ങുകൾക്ക് ശേഷം സമീപത്തുള്ള ആഡംബര റിസോർട്ടിൽ അതിഥികൾക്കായി പ്രത്യേക സൽക്കാരവും ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന.
