കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് ഉയർന്നുകേൾക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വാദം ഉന്നയിച്ചിട്ടില്ലെന്ന് എംപി പറഞ്ഞു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെപിസിസിയിലും ഡിസിസികളിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോഴിക്കോട് ജില്ലയില്‍ നിന്നും മന്ത്രിയില്ലാത്തതിലും കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. കോഴിക്കോട് ജില്ലക്കാരനായ മന്ത്രിയാണ് ടി സിദ്ദിഖെന്നും മന്ത്രി ഇല്ലാത്തതിന്റെ പ്രശ്നങ്ങള്‍ കോഴിക്കോട് ഉണ്ടാകില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന കോണ്‍ഗ്രസില്‍ പുനസംഘടന അതിവേഗത്തില്‍ ഉണ്ടാകുമെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കെപിസിസി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാരണമാണ് പുനസംഘടന വൈകിയതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി പുനസംഘടന നേരത്തെ പൂര്‍ത്തിയായെന്നും ഇനി കേരളത്തിലെ പുനസംഘടന മാത്രമാണ് ശേഷിക്കുന്നതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. മന്ത്രിസഭാ രൂപീകരണത്തില്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചതായും കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാറാണ് വിമര്‍ശനം ഉന്നയിച്ചത്. കോഴിക്കോടിന്റെ അയോഗ്യത വ്യക്തമാക്കണമെന്നും കെ പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍ പരിഗണിച്ചില്ലെങ്കിലും വികസന കാര്യങ്ങളില്‍ പരിഗണിക്കണമെന്നും പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.
