മറ്റത്തൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ്-ബിജെപി സഖ്യത്തെ പരിഹസിച്ച് പോസ്റ്റർ. താമരയും കൈപ്പത്തിയും ഒന്നിച്ചുചേർത്ത ചിത്രത്തിനൊപ്പം മറ്റത്തൂരിൽ കോൺഗ്രസ് ജനതാ പാർട്ടി എന്ന പരിഹാസരൂപേണയുള്ള അടിക്കുറിപ്പോടെയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐ മറ്റത്തൂർ മേഖലാ കമ്മിറ്റിയാണ് ഈ പ്രതിഷേധ ബോർഡിന് പിന്നിൽ.
മറ്റത്തൂർ പഞ്ചായത്തിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതിൽ പ്രതിഷേധിച്ചാണ് തങ്ങൾ ബോർഡ് സ്ഥാപിച്ചതെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. തുടർന്ന് ബിജെപിയുടെ പിന്തുണയോടെ കോൺഗ്രസ് വിമതയായ ടെസി ജോസ് കല്ലറയ്ക്കലിനെ മത്സരിപ്പിക്കുകയും പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിപ്പിക്കുകയുമായിരുന്നു.
24 അംഗ പഞ്ചായത്തിൽ 12 വോട്ട് ബിജെപികോൺഗ്രസ് സഖ്യസ്ഥാനാർത്ഥി നേടി. എൽഡിഎഫ് പിന്തുണച്ച സ്ഥാനാർത്ഥി കെ ഔസേഫിന് 11 വോട്ട് ലഭിച്ചു. ഒരുവോട്ട് അസാധുവായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി പിന്തുണയിൽ കോൺഗ്രസ് അംഗം പി യു നൂർജഹാൻ 13 വോട്ട് നേടി വിജയിച്ചു. എൽഡിഎഫ്10, യുഡിഎഫ്8, ബിജെപി4, സ്വതന്ത്രർ2 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില.
