കോട്ടയം മുണ്ടക്കയത്ത് വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ മുണ്ടക്കയം ടൗണിലായിരുന്നു അപകടം. മധുരയിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കോട്ടയം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ‘മോക്ഷ’ എന്ന ബസിനാണ് തീപിടിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം 45 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ബസ് ഓടിക്കൊണ്ടിരിക്കെ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിക്കുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയുമായിരുന്നു.
യാത്രക്കാർ നേരത്തെ പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. എന്നാൽ ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ വസ്ത്രങ്ങളും ഫോണുകളും ഉൾപ്പെടെ പൂർണ്ണമായും അഗ്നിക്കിരയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
