
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. കുട്ടികളെ താൻ കൊലപ്പെടുത്തിയതാണെന്ന് മാതാവ് നിവേദ്യ സമ്മതിച്ചു. തന്റെ ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന് തോന്നിയാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ഡിവൈഎസ്പി ശശിധരൻ പറഞ്ഞു. കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം മുക്കിക്കൊന്ന ശേഷം ഇളയകുട്ടിയെ വെള്ളത്തിൽ മുക്കിക്കൊന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. അതുപോലെ കൊലയ്ക്ക് മുൻപുള്ള സംഭവങ്ങൾ പരിശോധിച്ചതിലും കൊലപാതകം വ്യക്തമായതായി പോലീസ് അറിയിച്ചു.
ജോൺ കുമാർ– നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് കഴിഞ്ഞദിവസം വെള്ളത്തൊട്ടിയിൽ വീണു മരിച്ചത്. കൊഴിഞ്ഞാമ്പാറയിൽ മേനോൻ പാറ കൂരാങ്കാട്ട് വാടകയ്ക്ക് താമസിക്കുകയായിരുന്നു ജോൺ കുമാറും കുടുംബവും. കളിക്കുന്നതിനിടെ കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികൾ വീണു കിടക്കുന്നതു കണ്ട ഉടൻ നാട്ടുകാർ അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.
അതേസമയം നാട്ടുകാരുടെ പരാതിയിലാണ് നിവേദ്യയെ പോലീസ് കസ്റ്റഡയിൽ എടുത്തത്. ചൊവ്വാഴ്ച രാവിലെ 10.30-ന് മേനോൻപാറ കൂരാങ്കാട്ടിലെ വാടക വീട്ടിലായിരുന്നു സംഭവം. വിറകുവെട്ടു തൊഴിലാളിയായ ജോൺകുമാറും കുടുംബവും രണ്ടുമാസം മുൻപാണ് കൂരാങ്കാട്ടിൽ താമസത്തിനെത്തിയത്. ചൊവ്വാഴ്ച രാവിലെ ജോൺ പണിക്കുപോയി. ഈ സമയം നിവേദ്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനു മുൻവശത്ത് പണിചെയ്തുകൊണ്ടിരുന്ന നിവേദ്യ ഏറെ നേരമായി കുട്ടികളുടെ ശബ്ദം കേൾക്കാതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചു. സമീപവീടുകളിലുൾപ്പെടെ പോയി നോക്കിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടുമുറ്റത്തെ കുളിമുറിയിൽ നോക്കിയപ്പോഴാണ് ഇരുവരും തൊട്ടിയിലെ വെള്ളത്തിൽ ചലനമറ്റു കിടക്കുന്നതു കണ്ടതെന്നാണ് ഇവർ ആദ്യം പോലീസിനോട് പറഞ്ഞത്.
അതേസമയം, നിവേദ്യയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ മരിച്ചിരുന്നു. മേനോൻപാറ ഗവ. യു.പി. സ്കൂളിലെ എൽ.കെ.ജി. വിദ്യാർഥിനിയായ ജെനിഫർ ജൂലിയറ്റ് കഴിഞ്ഞ രണ്ടുദിവസമായി സ്കൂളിൽ പോയിരുന്നുമില്ല.
