Home » Blog » Kerala » കൊല്ലത്ത് കൃഷിസ്ഥലത്ത് വയോധികൻ മരിച്ച നിലയിൽ; മരണം സൂര്യാതപമേറ്റെന്ന് സംശയം
18

കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് ( 85 ) ആണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്നും വയലിലെ കൃഷി സ്ഥലത്തേക്ക് പോയതായിരുന്നു. 11.30 ഓടെ സമീപത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വെയിലത്ത് വീണുകിടക്കുന്ന ബേബിയെ കണ്ടത്. കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സൂര്യാതപമേറ്റാണ് മരണമെന്ന് സംശയം. കുന്നിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് ബേബി.

ഇടുക്കിയിൽ രണ്ട് പേർക്ക് സൂര്യാതപമേറ്റു. മുട്ടം, പെരുമറ്റം സ്വദേശികൾക്കാണ് പൊള്ളലേറ്റത്. മുട്ടം കളപ്പുരയ്ക്കൽ നാരായണന് കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയും പെരുമറ്റം സ്വദേശിനിയായ ആശയ്ക്ക് വീടിന് പുറത്ത് തുണി കഴുകുന്നതിനിടെയുമാണ് സൂര്യാതപമേറ്റത്. രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂരിലും ഒരാൾക്ക് സൂര്യാതപമേറ്റു. ചെറുപുഴ സ്വദേശി ബെന്നി ഫിലിപ്പിനാണ് സൂര്യാതപമേറ്റത്. രാവിലെ 11.30ഓടെ കുണ്ടംതടത്തെ വീട്ടുമുറ്റത്ത് വെച്ചാണ് സംഭവം. വയറിനാണ് പൊള്ളലേറ്റത്. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പിൽ യുവാവിന് സൂര്യതാപമേറ്റു. കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് സൂര്യതാപമേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ വീട്ടിൽ നിന്നും ചെറുവാടി ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ ചെറുവാടി വയലിന്റെ ഭാഗത്തു വെച്ചാണ് പൊള്ളലേറ്റത്.

തിരുവനന്തപുരത്ത് ഹരിതകർമ സേനാംഗത്തിന് സൂര്യാതപമേറ്റു. കിളിമാനൂർ സ്വദേശി ലതികയ്ക്കാണ് സൂര്യാതപമേറ്റത്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനാംഗമാണ്. ഉച്ചക്ക് 12 മണിയോടെയാണ് സൂര്യതപമേറ്റത്. കൈയ്യിലും കാലിലും കഴുത്തിലും ശരീരത്തും പൊള്ളലേറ്റു.