Home » Blog » kerala Max » കൊടുംചൂടിൽ കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്
SUN-HEAT-680x450

സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാം. പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്ന താപനില.

ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം ജനങ്ങൾക്ക് വലിയ രീതിയിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. നിലവിൽ വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൂട് നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പൊതുസ്ഥലങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഓട്ടോ ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകൾ സജ്ജമാക്കാനും കുടിവെള്ളം, ഒആർഎസ് എന്നിവ ലഭ്യമാക്കാനും നിർദ്ദേശമുണ്ട്. മഴവെള്ള സംഭരണം ഉറപ്പാക്കാനും സൂര്യാഘാത പ്രഥമ ശുശ്രൂഷാ സൗകര്യങ്ങൾ ഒരുക്കാനും യോഗത്തിൽ തീരുമാനമായി.

ചൂട് കൂടുന്നതിനൊപ്പം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാകുകയാണ്. പുറത്തുനിന്നുള്ള വൈദ്യുതി വിഹിതത്തിൽ 600 മെഗാവാട്ടിന്റെ വരെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, അപ്രഖ്യാപിത പവർകട്ട് ഉണ്ടെന്ന പ്രതിപക്ഷ ആരോപണം വൈദ്യുതി മന്ത്രി തള്ളി. ഇതിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് പാലക്കാട് തത്തമംഗലം കെഎസ്ഇബി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി.