Home » Blog » Kerala » കൊച്ചി വിടാൻ ബ്ലാസ്റ്റേഴ്‌സ്? മലബാറും കോഴിക്കോടും മലപ്പുറവും പരിഗണനയിൽ
kerala-blasters-680x450

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്നും മാറ്റാനൊരുങ്ങുന്നതായി സൂചന. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് പകരം മലപ്പുറം പയ്യനാട് സ്റ്റേഡിയമോ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയമോ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കാനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കലൂർ സ്റ്റേഡിയത്തിന്റെ ഭീമമായ വാടക മാനേജ്‌മെന്റിന് തിരിച്ചടിയാകുന്നുണ്ട്.
ഫെബ്രുവരി 14-ന് ആരംഭിക്കുന്ന ഇത്തവണത്തെ ഐ.എസ്.എൽ സീസൺ സിംഗിൾ ലെഗ് ആയാണ് നടക്കുന്നത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് പരമാവധി ലഭിക്കുക 6 അല്ലെങ്കിൽ 7 ഹോം മത്സരങ്ങൾ മാത്രമാണ്. കുറഞ്ഞ മത്സരങ്ങൾക്കായി വൻതുക ചിലവാക്കുന്നത് ലാഭകരമല്ലെന്നാണ് വിലയിരുത്തൽ.

ഇത്തവണ മത്സരങ്ങൾ ദൂരദർശനിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. അതിനാൽ എഎഫ്സി നിലവാരത്തിലുള്ള സ്റ്റേഡിയം വേണമെന്ന കർശന നിബന്ധനകളിൽ ഫെഡറേഷൻ ഇളവ് വരുത്തിയതും മലബാറിലേക്ക് മാറാൻ സാധ്യത വർദ്ധിപ്പിക്കുന്നു. സ്പോൺസർഷിപ്പ് കുറവായതിനാൽ ടിക്കറ്റ് വരുമാനത്തെയാണ് ടീം പ്രധാനമായും ആശ്രയിക്കുന്നത്. കലൂരിനെ കൈവിട്ട് കൊമ്പന്മാര്‍ മലബാറിലേക്ക് ചേക്കേറുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.