തിരുവനന്തപുരം ആറ്റുകാലിൽ ജീവനൊടുക്കിയ 27 കാരി ആരതിയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ. ദീർഘനാളായി താൻ കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾ നേരിട്ടിരുന്നുവെന്നും മർദ്ദനവിവരങ്ങൾ പലരോടും പങ്കുവെച്ചിട്ടും തന്റെ സങ്കടം കേൾക്കാൻ ആരും ഉണ്ടായിരുന്നില്ലെന്നും ആരതി കുറിപ്പിൽ വ്യക്തമാക്കുന്നു. അമ്മയ്ക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നിട്ടും രക്ഷയുണ്ടായില്ലെന്നും, ഭർത്താവ് അതുലുമായി ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിലുണ്ട്. സംഭവത്തിൽ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി ഭർത്താവ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒന്നരവർഷം മുൻപ് വിവാഹിതരായ ഇരുവരും വർക്കലയിലെ വാടകവീട്ടിലായിരുന്നു താമസം. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ ആരതി ക്രൂരമായ ഭർതൃപീഡനത്തിന് ഇരയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങൾ പോലും ആരതി അമ്മയ്ക്ക് മുൻപ് അയച്ചുനൽകിയിരുന്നു. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ അടയാളങ്ങൾ ഉൾപ്പെടെ 13 മുറിവുകൾ ഉണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. അതുലിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
വിവാഹസമയത്ത് നൽകിയ 50 പവൻ സ്വർണ്ണം പല ഘട്ടങ്ങളിലായി പണയം വെച്ച അതുൽ, ഒടുവിൽ എട്ട് ലക്ഷം രൂപയ്ക്ക് ഇത് വിറ്റ് കാർ വാങ്ങിയതാണ് ഇരുവരും തമ്മിലുള്ള വലിയ തർക്കങ്ങൾക്ക് കാരണമായത്. ഇതിനുശേഷവും കൂടുതൽ പണം ആവശ്യപ്പെട്ട് അതുൽ നിരന്തരം ആരതിയെ ഉപദ്രവിച്ചിരുന്നു. മറ്റെല്ലാ വഴികളും അടഞ്ഞതോടെയാണ് ആരതി സ്വന്തം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
