പൊന്നാനിയിലെ നിള സംഗ്രഹാലയം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു
ഇന്ത്യയിലെ ആദ്യത്തെ ബ്ലൈൻഡ് ഫ്രണ്ട്ലി മ്യൂസിയം കൂടിയായ പൊന്നാനിയിലെ നിള സംഗ്രഹാലയം മ്യൂസിയം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നാടിന് സമർപ്പിച്ചു.
ടൂറിസം രംഗത്ത് കേരളത്തിലുണ്ടായത് വൻ മുന്നേറ്റമാണെന്ന് മന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി കണ്ടെത്തിയതോടെ 2025-ൽ രണ്ട് കോടിയിലധികം സഞ്ചാരികളാണ് കേരളത്തിലെത്തിയത്. വിദേശ സഞ്ചാരികളുടെ വരവിൽ 11.33 ശതമാനം വർധനവാണ് ഇക്കാലയളവിലുണ്ടായത്. കോവിഡ് കാലത്ത് വെന്റിലേറ്ററിലായിരുന്ന ടൂറിസം മേഖലയാണ് ചുരുങ്ങിയ കാലയളവിൽ ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. അതിനാൽ തന്നെ ലോകത്തിൽ കണ്ടിരിക്കേണ്ട സുപ്രധാന ഇടമായി കേരളത്തെ അന്താരാഷ്ട്ര തലത്തിൽ തെരെഞ്ഞെടുത്തത് വലിയ അംഗീകാരമാണ്. ടൂറിസം രംഗത്ത് ഡെസ്റ്റിനേഷൻ, കാരവൻ, ബീച്ച്, അഡ്വഞ്ചർ, സ്ത്രീ സൗഹൃദം എന്നിങ്ങനെ വിവിധ രീതിയിൽ പദ്ധതികൾ നമുക്ക് ആവിഷ്കരിക്കാൻ സാധിച്ചുവെന്ന് മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
കേരള ചരിത്രം ഉൾക്കൊള്ളുന്ന സാംസ്കാരിക കേന്ദ്രമാണ് ഭാരതപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന നിള സംഗ്രഹാലയം. ചമ്രവട്ടം പ്രോജക്ട് ഓഫീസിന്റെ ഭാഗമായുള്ള ഇറിഗേഷൻ ഭൂമിയിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. നിർമാണം പൂർത്തീകരിക്കുന്നതിനനുസരിച്ച് ആവശ്യമായി വന്ന ഭൂമി ഇറിഗേഷൻ വകുപ്പിൽ നിന്ന് വിട്ടു കിട്ടുന്നത് ഉൾപ്പെടെ നിരവധി തടസ്സങ്ങൾ നിർമ്മാണ ഘട്ടത്തിലുണ്ടായിരുന്നു. നിലവിൽ എല്ലാ തടസ്സങ്ങളും മറികടന്നു കൊണ്ടാണ് മ്യൂസിയം യാഥാർഥ്യമായിരിക്കുന്നത്.
17000 ചതുരശ്ര അടി വിസ്തീർണത്തിൽ ഇൻഡോ – ഡച്ച് വാസ്തു മാതൃകയിൽ ലോകോത്തര നിലവാരത്തിലാണ് നിർമ്മാണം നടന്നിരിക്കുന്നത്. പി. ശ്രീരാമകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന നിധിയിൽ നിന്നും 2.16 കോടിയും കേരള സർക്കാർ ടൂറിസം വകുപ്പ് 9.16 കോടിയും അനുവദിച്ച് കെ.ഐ.ഐ.ഡി.സി യും യു.എൽ.സി.സി.എസും നിർമ്മിച്ച മ്യൂസിയത്തിൽ അക്കൗസ്റ്റിക് ഓഡിറ്റോറിയവും ആംഫി തിയേറ്ററും ഓപ്പൺ എയർ സ്റ്റേജും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഉദ്യാനവത്ക്കരണവും നടത്തി.
