കൊച്ചി: ഇന്ത്യൻ സമുദ്രമത്സ്യ മേഖലയിൽ ഉൽപാദനത്തിലും വരുമാനത്തിലും വൻ വർധനവ് രേഖപ്പെടുത്തി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (CMFRI) വാർഷിക റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇന്ത്യയിലാകെ 35.7 ലക്ഷം ടൺ സമുദ്ര മത്സ്യമാണ് ലഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് ഉൽപാദനത്തിൽ 3 ശതമാനത്തിന്റെ വർധനയുണ്ടായി. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി മത്തിയുടെ ലഭ്യതയിൽ വൻ വർധനവാണുണ്ടായത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന ലഭ്യതയാണിത്. 1.68 ലക്ഷം ടൺ അതായത് 13 ശതമാനം വർധനയാണ് മത്തിയുടെ ലഭ്യത. 6.24 ലക്ഷം ടൺ മത്സ്യലഭ്യതയോടെ കേരളം രാജ്യത്ത് മൂന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച മറ്റ് ഇനങ്ങൾ. എന്നാൽ ചെമ്മീൻ, പാമ്പാട തുടങ്ങിയവയുടെ ലഭ്യതയിൽ കുറവുണ്ടായി.
തമിഴ്നാട് ഒന്നാമത്, ഗുജറാത്ത് പിന്നോട്ട്
രാജ്യത്ത് ഏറ്റവും കൂടുതൽ മത്സ്യം പിടിച്ചത് തമിഴ്നാടാണ് (6.85 ലക്ഷം ടൺ). ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് കാലാവസ്ഥാ വ്യതിയാനവും മത്സ്യബന്ധന നിരോധനവും കാരണം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കർണാടകയിൽ 44 ശതമാനവും മഹാരാഷ്ട്രയിൽ 18 ശതമാനവും വർധനവുണ്ടായി.
ദേശീയതലത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം അയലയാണ് (2.70 ലക്ഷം ടൺ). കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യം ലഭിച്ചത് എറണാകുളം ജില്ലയിലാണ്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കൊല്ലത്തെ നീണ്ടകരയാണ് ഹാർബറുകളിൽ ഒന്നാമത്. എറണാകുളത്തെ മുനമ്പം രണ്ടാം സ്ഥാനത്താണ്.
