ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിച്ചു
കേരളത്തിലെ പൊതുജനാരോഗ്യ മേഖല വികസിത രാജ്യങ്ങളിലെ നിലവാരത്തില്‍ എത്തിയെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ വിപുലമായ സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന തരത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തിലെ പൊതുജനാരോഗ്യ മേഖല വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ നാല് വര്‍ഷം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനവും ബജറ്റില്‍ പൊതുജനാരോഗ്യ മേഖലക്ക് ഏറ്റവും കൂടുതല്‍ വിഹിതം മാറ്റിവെക്കുന്ന സംസ്ഥാനവും കേരളമാണ്. നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ആരോഗ്യ സംവിധാനത്തെ കൂടുതല്‍ മികവുറ്റതാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടെന്നും മന്ത്രി അറിയിച്ചു.
26.31 കോടി രൂപ ചെലവിട്ടാണ് 43,855.17 ചതുരശ്ര അടിയില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. അത്യാഹിത വിഭാഗം, മൈനര്‍ ഓപറേഷന്‍ തിയേറ്റര്‍, വിവിധ ഒ.പി റൂമുകള്‍, ഗൈനക് ഒ.ടി, ലേബര്‍ റൂം, ട്രിയാജ്, എന്‍.ഐ.സി.യു, ജനറല്‍ സര്‍ജറി ഒ.ടി, ഓര്‍ത്തോ ഒ.ടി, സര്‍ജിക്കല്‍ ഐ.സി.യു, എച്ച് ലബോറട്ടറി, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രത്യേക വാര്‍ഡുകള്‍, പീഡിയാട്രിക് വാര്‍ഡ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് തുടങ്ങിയ സൗകര്യങ്ങളാണ് അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവിലെ കെട്ടിടത്തിന് മുകളില്‍ നിര്‍മിച്ച വെര്‍ട്ടിക്കല്‍ ബ്ലോക്കും ആശുപത്രിയുടെ മുഖച്ഛായ മാറ്റിയിട്ടുണ്ട്. 1.14 ഏക്കറിലാണ് ആശുപത്രിയുള്ളത്.
ഒരേസമയം 20 പേര്‍ക്ക് വരെ ഉപയോഗിക്കാവുന്ന ലിഫ്റ്റ്, സി.സി.ടി.വി, മലിനജല സംസ്‌കരണ പ്ലാന്റ്, അഗ്നിരക്ഷാ സംവിധാനം, കുടിവെള്ളത്തിനും അഗ്നിശമനത്തിനുമായി 1,50,000 ലിറ്റര്‍ ശേഷിയുള്ള ഭൂഗര്‍ഭജല സംഭരണി, കുടിവെള്ളത്തിന് മാത്രമായി 70,000 ലിറ്റര്‍ ശേഷിയുള്ള മറ്റൊരു ഭൂഗര്‍ഭജല സംഭരണി എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ 20,000 ലിറ്റര്‍ ശേഷിയുള്ള അഗ്നിശമന ഓവര്‍ഹെഡ് ടാങ്കിന്റെയും 10,000 ലിറ്റര്‍ ശേഷിയുള്ള ഓവര്‍ഹെഡ് ഫ്ളഷ് ടാങ്കിന്റെയും പണിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബയോഗ്യാസ് പ്ലാന്റ്, ട്രാന്‍സ്ഫോര്‍മര്‍, ജനറേറ്റര്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ചടങ്ങില്‍ കെ എം സച്ചിന്‍ ദേവ് എം.എല്‍.എ അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി എം കമലാക്ഷി, മംഗള്‍ദാസ് ത്രിവേണി, കെ കെ അബ്ദുള്ള മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ബാലാമണി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ കെ ശോഭ, പി കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പുഷ്പ ടീച്ചര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
