തിരുവനന്തപുരം: ആശുപത്രി പരിസരത്തു സംഘടനകൾ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും കെ.മുരളീധരൻ. സംഘടനകളുടെ സ്വകാര്യ താല്പര്യങ്ങളാണ് പൊതിച്ചോറ് വിഷയവുമായി ബന്ധപ്പെട്ട് ഇത്ര വലിയ പ്രതിഷേധം ഉണ്ടാകാൻ കാരണമെന്നും ഭൂമികൈയേറ്റക്കാരെ ഒഴിപ്പിച്ചതിനു ‘അന്നം മുടക്കി’ എന്ന് വിളിച്ചു പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്നും കെ.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. കോളേജിന്റെ അകത്തു ബാനർ കെട്ടാൻ രാഷ്ട്രീയ സംഘടനകൾക്ക് അധികാരമില്ല. ഡി.വൈ.എഫ്.ഐക്കോ സേവാഭാരതിക്കോ സർക്കാരിന്റെ സ്വത്ത് സ്വകാര്യമായി കൈകാര്യം ചെയ്യാൻ അനുവാദമില്ല.
ഈ തീരുമാനത്തിൽ ഡി.വൈ.എഫ്.ഐയും സേവാഭാരതിയും പ്രതിഷേധിക്കുന്നുണ്ട്. കേരളത്തിൽ ഏതു സർക്കാർ ആശുപത്രിയിൽ വഴി തടസ്സം ഉണ്ടായാലും നടപടിയുണ്ടാകും എന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ മാത്രമാണ് കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം വിതരണം ചെയ്യാനുള്ള തീരുമാനം. ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൻ നടത്താനും കൈയേറ്റക്കാരെ ഒഴിപ്പിക്കാനും എച്ച്.ഡി.എസിലെ (ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി) അംഗങ്ങൾ ആണ് തീരുമാനിച്ചത്.
സ്ഥലം കയ്യേറിയതായി പരാതി തന്നതും അവരാണെന്നും മന്ത്രി പറഞ്ഞു.
രോഗികൾക്ക് മെഡിക്കൽ കോളേജിൽ തന്നെ പരിശോധനകൾക്കു സൗകര്യമൊരുക്കിയത് അടുത്തുള്ള രണ്ടു സ്വകാര്യലാബുകാർക്കു തിരിച്ചടിയായി. ഇതിന്റെ ഉടമസ്ഥർ ആരെന്നു പരിശോധിച്ചാൽ പൊതിച്ചോറ് വിഷയത്തിലെ പ്രതിഷേധത്തിന്റെ കാരണം മനസിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
