ന്യൂഡൽഹി: ‘കേരളത്തിലെ അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്പിച്ചിട്ടുണ്ടോ?’ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിനാണ് അശ്വിനി വൈഷ്ണവ് വ്യക്തതയില്ലാത്ത മറുപടി നൽകി ഒഴിഞ്ഞുമാറിയത്.
കേരളത്തിന് വേണമെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാവുന്നതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ ഭൂമിയേറ്റെടുക്കലാണ് പ്രധാന പ്രശ്നം. കേരളം നിർദേശിച്ച സിൽവർലൈൻ പദ്ധതി പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്നതാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. അതേസമയം, ഇ ശ്രീധരനെ ചുമതല വല്ലതും ഏൽപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി നൽകിയില്ല.
ജോൺ ബ്രിട്ടാസ് എംപിയും മന്ത്രിയോട് സമാന ചോദ്യം ഉന്നയിച്ചു. ‘കേരളത്തിലെ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്പിച്ചിട്ടുണ്ടോ?’ അദ്ദേഹം കേരളത്തിലെ പൊന്നാനിയിൽ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഓഫീസ് തുറന്നത് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോടെ ആണോ/ എന്നിങ്ങനെ ആയിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. എന്നാൽ ഈ ചോദ്യം തെറ്റായ ഉദ്ദേശത്തോടെയുള്ളതാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി. പിന്നാലെ ന്യായീകരണങ്ങളും നിരത്തി.
“രാജ്യം തന്നെ ആദരിക്കുന്ന ആളാണ് ഇ ശ്രീധരൻ. അദ്ദേഹം തനിക്ക് ഉപദേശങ്ങൾ നൽകാറുണ്ട്. ശ്രീധരന്റെ ഉപദേശ പ്രകാരം താൻ പല തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അദ്ദേഹം പൊന്നാനിയിൽ ഓഫീസ് തുറന്നിട്ടുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നു. റെയിൽവെയുടെ വികസനത്തിനായുള്ള ശ്രീധരന്റെ നീക്കങ്ങൾക്ക് പിന്തുണ” എന്നും മന്ത്രി പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച ഏഴ് അതിവേഗ കോറിഡോർ അനുവദിച്ചതും ഇ ശ്രീധരന്റെ ഉപദേശം കേട്ട ശേഷമായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട ബോൾ ഇപ്പോഴും സംസ്ഥാനത്തിന്റെ കോർട്ടിലാണെന്ന് പറഞ്ഞ മന്ത്രി, ഭൂമി ഏറ്റെടുക്കലാണ് പ്രശ്നമെന്നും വ്യക്തമാക്കി.
അങ്കമാലി- ശബരി റെയിൽ പാത വിഷയത്തിൽ അശ്വിനി വൈഷ്ണവ് സംസ്ഥാനത്തെ വിമർശിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനത്തിന് മേൽ സമ്മർദ്ദം ചെലുത്തേണ്ടിവരുന്നുവെന്നും തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ടാണ് ഇപ്പോൾ ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ പദ്ധതി നടപ്പാക്കും. കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ അന്തർധാര സജീവമെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
