Home » Blog » Kerala » കേരളം വ്യവസായ സൗഹൃദ സംസ്ഥാനം എന്നതിനുമപ്പുറം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി

വ്യവസായ സൗഹൃദ സംസ്ഥാനം എന്നതിനുമപ്പുറം നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കളമശ്ശേരി കിന്‍ഫ്ര ഹൈ-ടെക് പാര്‍ക്കില്‍ ഫോർസ വെയർഹൗസിംഗിനു കീഴിലുള്ള ഡ്രൈവർ ലോജിസ്റ്റിക്‌സിൻ്റെ വെയർ ഹൗസ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദാവോസ് ഉച്ചകോടിയില്‍ 1,18,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിനു ലഭിച്ചത്. ഇവിടം വ്യവസായരംഗത്ത് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിന്റെ തെളിവാണ് ഇത്. നമ്മുടെ നാടിൻ്റെ ഒരുമയും ആളുകളുടെ ഐക്യവും പശ്ചാത്തല സൗകര്യവികസനവും പ്രകൃതിരമണീയതയും ഇന്ത്യക്കകത്തെയും പുറത്തെയും സംരംഭകരെ ആകർഷിക്കുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിൽ കേരളം തുടർച്ചയായി രണ്ടാം വർഷവും ടോപ് അച്ചീവറായിരിക്കുന്നു .

ഏതാനും ദിവസം മുന്‍പ് ആന്ധ്രപ്രദേശിലുള്ള വന്‍കിട ഗ്രൂപ്പ് കേരളത്തിലെത്തുകയും മൂന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഇത്തരമൊരു സംരംഭം കേരളത്തില്‍ തുടങ്ങാന്‍ താല്‍പര്യപ്പെടുന്നതിന്റെ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ ഇതുപോലെ സമാധാനമുള്ള സ്ഥലം വേറേയില്ലെന്നാണ് അവര്‍ മറുപടി നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളവും മെട്രോ റെയിലും വാട്ടര്‍ മെട്രോയും കെമിക്കല്‍ പാര്‍ക്കും ഇന്‍ഫോ പാര്‍ക്കും എല്ലാം ചേര്‍ന്നുള്ള കൊച്ചിയുടെ വികസന ലക്ഷ്യങ്ങളുമായി ഇണങ്ങുന്നതാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്ന വെയര്‍ഹൗസിംഗ് സംരംഭം. ഇത്തരത്തില്‍ ഓരോ വികസനത്തിനും അനുയോജ്യമായ അനുബന്ധ വികസനസംരംഭങ്ങളുമായി ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് എത്തുകയാണ്. ഇത്തരത്തില്‍ വികസനം വരുമ്പോള്‍ നാടിനും നാട്ടുകാർക്കും അതിന്റെ സന്തോഷമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുല്‍ വഹാബ് എം.പി, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ഡ്രൈവര്‍ ലോജിസ്റ്റിക്സ് ചെയര്‍മാന്‍ ആഷിക് കൈനിക്കര, വിവധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.