Home » Blog » Kerala » കേരളം ആർക്കൊപ്പം? തദ്ദേശപ്പോരിൽ ജനവിധി ഇന്ന്!
voter-table-680x450.jpg

കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ ഫലം ഇന്ന് അറിയാം. രാവിലെ എട്ടുമണിയോടെ സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ ആരംഭിക്കും. എട്ടരയ്ക്കുള്ളിൽ തന്നെ ആദ്യ ഫലസൂചനകൾ ലഭ്യമാകും. ഗ്രാമപഞ്ചായത്തുകളുടെ ഫലമാണ് ആദ്യം പുറത്തുവരിക, ഇതോടെ കേരളത്തിലെ പുതിയ ഭരണസമിതികളെക്കുറിച്ചുള്ള ചിത്രം തെളിയും.

ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വെച്ചും, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അതാത് കേന്ദ്രങ്ങളിൽ വെച്ചുമാണ് നടക്കുക. വോട്ടെണ്ണലിന്റെ തുടക്കത്തിൽ, പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവയുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വെച്ച് വരണാധികാരികളുടെ മേശപ്പുറത്തായിരിക്കും എണ്ണുക. അതേസമയം, ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളിൽ വെച്ച്, വരണാധികാരിയായ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലായിരിക്കും.

പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർന്ന ശേഷം, വോട്ടിങ് മെഷീനുകളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങും. വാർഡുകളുടെ ക്രമനമ്പർ അനുസരിച്ചാണ് ഓരോ കൗണ്ടിങ് ടേബിളിലും മെഷീനുകൾ ക്രമീകരിക്കുക. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലെയും മെഷീനുകൾ ഒരേ ടേബിളിൽ വെച്ച് എണ്ണും. സ്ഥാനാർത്ഥിയുടെയോ അദ്ദേഹം നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണൽ നടക്കുക. ഓരോ വാർഡിലെയും വോട്ടെണ്ണൽ പൂർത്തിയാകുന്ന മുറയ്ക്ക്, കൗണ്ടിങ് സൂപ്പർവൈസർ ഫലം രേഖപ്പെടുത്തി ഉടൻ തന്നെ വരണാധികാരിക്ക് കൈമാറും. തുടർന്ന്, വോട്ടുനിലയുടെ ട്രെൻഡ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിലൂടെ ഫലം പൊതുജനങ്ങളിലേക്ക് വേഗത്തിൽ എത്തും.

രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ, ആദ്യ ഫലസൂചനകൾ എട്ടരയോടെ ലഭിച്ചുതുടങ്ങും. ഇതിൽ ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുനിലയാണ് ആദ്യം പുറത്തുവരിക. ഇതിനു പിന്നാലെ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും തുടർന്ന് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും വോട്ടുനില അറിയാനാകും. തദ്ദേശ സ്വയംഭരണ പോരാട്ടത്തിൽ കേരളത്തിന്റെ ജനവിധി ആർക്കൊപ്പമാണെന്ന് ഉച്ചയോടെ ഏതാണ്ട് പൂർണ്ണമായും വ്യക്തമാകും.