Home » Blog » Kerala » കേരള റെയിൽവേയിൽ പുതിയ കാഴ്ചവിരുന്ന്! 🚆✨ വിസ്റ്റാഡോം കോച്ചുള്ള ആദ്യ ട്രെയിൻ ഇന്ന് ഓടിത്തുടങ്ങുന്നു; ടിക്കറ്റുകൾ മൂന്നാഴ്ചത്തേക്ക് ഫുൾ!
tourism-boost-vistadome-coaches-on-3-routes

കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ പുതിയൊരു ഏടിന് തുടക്കമിട്ടുകൊണ്ട്, സംസ്ഥാനത്ത് ആദ്യമായി വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച തീവണ്ടി സർവീസ് ആരംഭിക്കുന്നു. തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയായ കൊല്ലം-ചെങ്കോട്ട പാതയിലൂടെയാണ് ഈ ചരിത്രയാത്ര. മധുരയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ ഗുരുവായൂരിലെത്തുന്ന എക്സ്പ്രസ് തീവണ്ടിയിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള വിസ്റ്റാഡോം കോച്ച് ഉൾപ്പെടുത്തിയിരിക്കുന്നത്. ആര്യങ്കാവ് ചുരത്തിന്റെയും തുരങ്കങ്ങളുടെയും പശ്ചിമഘട്ട മലനിരകളുടെയും മനോഹാരിത യാത്രക്കാർക്ക് പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം.

 

വലിയ ചില്ലുജാലകങ്ങളും ചില്ലുമേൽക്കൂരയും സജ്ജീകരിച്ചിരിക്കുന്ന ഈ കോച്ചിൽ 44 എക്‌സിക്യുട്ടീവ് ചെയർകാർ സീറ്റുകളാണുള്ളത്. കൂടാതെ യാത്രക്കാർക്കായി സൗജന്യ വൈഫൈ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ കണ്ണറപ്പാലങ്ങളും, ഒറ്റക്കൽ, തെന്മല, ആര്യങ്കാവ് മേഖലകളിലെ അരുവികളും കഴുതുരുട്ടിയാറിന്റെ ദൃശ്യങ്ങളും ഈ കോച്ചിലിരുന്ന് നുകരാനാകും. മധുര-ഗുരുവായൂർ റൂട്ടിൽ ആഴ്ചയിൽ നാല് ദിവസമാണ് സർവീസ് നടത്തുന്നത്. മധുരയിൽ നിന്ന് ഗുരുവായൂർ വരെ 1,875 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നവംബർ അഞ്ചുവരെയുള്ള ടിക്കറ്റുകൾ ഇതിനോടകം തന്നെ പൂർണ്ണമായി ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.

 

റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴിയോ ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ് വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാം. ചരിത്രപ്രധാനമായ ഈ സർവീസിനെ സ്വീകരിക്കാൻ പതിമൂന്നുകണ്ണറ പ്രൊട്ടക്‌ഷൻ ആൻഡ് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇടമൺ റെയിൽവേ സ്റ്റേഷനിൽ ഇന്ന് (ഒക്ടോബർ22) വൈകുന്നേരം വിപുലമായ സ്വീകരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് ദക്ഷിണ റെയിൽവേ ഈ പദ്ധതിക്ക് അനുമതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *