
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് വീണ്ടും സമരത്തിനൊരുങ്ങി കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ഇൻസെന്റീവ് വർധനവിലും വിരമിക്കൽ ആനുകൂല്യങ്ങളിലും ഉടനടി തീരുമാനമെടുത്തില്ലെങ്കിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആശാ വർക്കർമാർ അറിയിച്ചു.
266 ദിവസം നീണ്ട സമരത്തിലൂടെ വലിയ നേട്ടങ്ങളും ആത്മാഭിമാനവും നേടിയെടുക്കാൻ സാധിച്ചെങ്കിലും പാർലമെന്റിലടക്കം നൽകിയ പ്രഖ്യാപനങ്ങൾ ഇനിയും നടപ്പിലായിട്ടില്ല. ഏപ്രിൽ മാസം മുതൽ ഇൻസെന്റീവ് വർധന നടപ്പിലാക്കുമെന്ന ഉറപ്പ് പാലിക്കാത്തതിൽ രാജ്യവ്യാപകമായി ആശാ വർക്കർമാർ നിരാശയിലാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ഓണറേറിയം 21,000 രൂപയായി ഘട്ടം ഘട്ടമായി വർധിപ്പിക്കണമെന്നും വിരമിക്കുമ്പോൾ നൽകുന്ന ആനുകൂല്യം 5 ലക്ഷം രൂപയാക്കി ഉയർത്തണമെന്ന ഉറപ്പ് സംസ്ഥാന സർക്കാർ പാലിക്കണമെന്നും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദനും എം.എ. ബിന്ദുവും ആവശ്യപ്പെട്ടു.
