ബെംഗളൂരു: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനത പാർട്ടി’ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കും. ഇന്ന് വൈകുന്നേരം നാലുമണിക്ക് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കാര്യം പ്രകാശ് രാജ് തന്റെ എക്സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. “ഈ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കാൻ ഞാൻ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയാണ്. സർക്കാരിന്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ദയവായി ഞങ്ങളോടൊപ്പം ചേരുക,” എന്നാണ് അദ്ദേഹം കുറിച്ചത്. സിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമാണ് ബെംഗളൂരുവിലെ പരിപാടി. ജൂൺ 6-ന് ഡൽഹിയിൽ ആരംഭിച്ച പ്രതിഷേധം പൂനെ, ലഖ്നൗ, അമൃത്സർ തുടങ്ങി വിവിധ നഗരങ്ങളിലേക്ക് വ്യാപിച്ചു. ഇന്ന് രാവിലെ ഹൈദരാബാദിൽ നടക്കുന്ന പ്രതിഷേധത്തിൽ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കും പങ്കെടുത്തേക്കും.
ജൂൺ 20-ന് ഡൽഹിയിൽ വീണ്ടും വലിയ തോതിലുള്ള പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി തീരുമാനിച്ചിട്ടുണ്ട്. മന്ത്രി രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്ന തുടർസമരത്തിൽ കൂടുതൽ ആളുകളെ അണിനിരത്താനാണ് പാർട്ടിയുടെ തീരുമാനം
