Home » Blog » Kerala » കേന്ദ്ര ബജറ്റിലെ അവഗണന: സുരേഷ് ഗോപി മൗനത്തിൽ; മറുപടി കേരളത്തിലെന്ന് കേന്ദ്രമന്ത്രി
suresh_gopi-4

കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾ ലഭിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും തന്ത്രപരമായ അകലം പാലിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട അദ്ദേഹം, ബജറ്റിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കാൻ തയ്യാറായില്ല. വിഷയത്തിൽ ഔദ്യോഗികമായ പ്രതികരണം കേരളത്തിൽ വെച്ച് നടത്തുമെന്നും സർക്കാരിന്റെ സന്ദേശം അറിയിക്കുന്നതിനായി സംസ്ഥാനത്ത് പ്രത്യേക മീഡിയ ബ്രീഫിങ് സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ എയിംസ് വരുമെന്ന് മുൻപ് പല വേദികളിലും ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്ന സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ മൗനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് ഇത്തവണയും ബജറ്റിൽ തഴയപ്പെട്ടത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി. എയിംസ് അനുവദിച്ചില്ലെങ്കിൽ അത് പൊള്ളാച്ചിയിലേക്ക് പോകുമെന്നും തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ പദ്ധതി വരുമെന്നും സുരേഷ് ഗോപി നേരത്തെ വാദിച്ചിരുന്നു. എന്നാൽ ആരോഗ്യ രംഗത്തെ കേരളത്തിന്റെ കുതിപ്പിന് കരുത്തേകേണ്ട എയിംസിനോടൊപ്പം അതിവേഗ റെയിൽ ഇടനാഴി, വിഴിഞ്ഞം പദ്ധതി തുടങ്ങിയ നിർണ്ണായക പദ്ധതികളിലും കേന്ദ്രം അവഗണന തുടരുകയാണ്. സംസ്ഥാനം ഭൂമി നൽകിയിട്ടും ഇത്തരം ആവശ്യങ്ങൾ പരിഗണിക്കപ്പെടാത്ത പശ്ചാത്തലത്തിൽ, കേന്ദ്രമന്ത്രി കേരളത്തിൽ നൽകാനിരിക്കുന്ന വിശദീകരണത്തിലേക്കാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.