Home » Blog » kerala Max » കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾക്കെതിരെ സി.പി.എമ്മിന്റെ പുതിയ തന്ത്രം; പിണറായി വിജയനെ പിന്തുണച്ച് ദേശീയതലത്തിൽ കൂട്ടായ്മ രൂപീകരിക്കുന്നു
pinarayi (1)

കോഴിക്കോട്: പാർട്ടി നേതാക്കളെ ഇ.ഡി. ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുന്നതിനെതിരെ ദേശീയതലത്തിൽ വിപുലമായ കൂട്ടായ്മ രൂപവത്കരിക്കാൻ സിപിഎം നീക്കം. മനുഷ്യാവകാശ സംഘടനകളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും സമാന ചിന്താഗതിക്കാരെയും ഉൾപ്പെടുത്തി ഐക്യനിര രൂപീകരിക്കാനാണ് ആലോചന. പിണറായി വിജയനെതിരായ ഇ.ഡി. നീക്കം ഉൾപ്പെടെയുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിപക്ഷ നേതാക്കളെയും പാർട്ടികളെയും ഇ.ഡിയും കേന്ദ്ര ഏജൻസികളും ലക്ഷ്യമിടുന്നതിനെ ഇന്ത്യ സഖ്യം ചോദ്യം ചെയ്യുന്നില്ലേയെന്ന ചോദ്യത്തിന്, അത് ഒരു രാഷ്ട്രീയ കൂട്ടുകെട്ടാണെന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. അതേസമയം, വിപുലീകൃത സംസ്ഥാനകമ്മിറ്റിയിൽ കോഴിക്കോട്ടുനിന്നുള്ള ഒരു നേതാവ് ഇ.ഡിക്കെതിരെ രൂക്ഷമായി രംഗത്തെത്തി. ചട്ടമ്പിയെപ്പോലെയാണ് ഇ.ഡിയുടെ പെരുമാറ്റമെന്നും കുഞ്ഞുങ്ങളെപ്പോലും തോക്കിൻമുനയിൽ നിർത്തി ഭയപ്പെടുത്തിയെന്നും അദ്ദേഹം വിമർശിച്ചു.

സംഘടനാപരമായ പിഴവുകൾ തിരുത്തുന്നതിനെക്കുറിച്ചുള്ള ചർച്ച ഇ.ഡി. വിഷയത്തിലേക്ക് വഴിമാറാതിരിക്കാൻ സിപിഎം കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നു. ഇ.ഡി. കേസിൽ പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച് പ്രത്യേക പ്രമേയം കൊണ്ടുവരാൻ സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും, രാഷ്ട്രീയമായി ഇപ്പോൾത്തന്നെ പാർട്ടി എതിർക്കുന്നതിനാൽ കേന്ദ്രനേതൃത്വം ആവശ്യം തള്ളുകയായിരുന്നു.

ഇതിന് പിന്നാലെയാണ് പിണറായിക്ക് രാഷ്ട്രീയ കവചമൊരുക്കുന്ന തരത്തിൽ ദേശീയതലത്തിൽ കൂട്ടായ്മ രൂപവത്കരിക്കാനുള്ള നീക്കം. അഖിലേന്ത്യാടിസ്ഥാനത്തിൽ സമാന ചിന്താഗതിക്കാരെയും മനുഷ്യാവകാശ സംഘടനകളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും കൂട്ടിച്ചേർത്ത് വിപുലമായ പ്രസ്ഥാനം രൂപീകരിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇ.ഡി. ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ നടപടികളെ ദേശീയതലത്തിൽ രാഷ്ട്രീയമായി നേരിടുകയാണ് നീക്കത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *