കോൺഗ്രസ് നേതാവ് കെ. മുരളീധരനെതിരെയും കോൺഗ്രസ്-ബിജെപി ബന്ധത്തിനെതിരെയും രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. വി.കെ. പ്രശാന്തിന്റെ ഓഫീസ് വിവാദവും തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണവും മുൻനിർത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുരളീധരന്റെ കുടുംബം ബിജെപിയുടെ ചവിട്ടുപടി കെ. മുരളീധരന്റെ കുടുംബമാണ് കേരളത്തിൽ ബിജെപിക്ക് ചവിട്ടുപടിയായി നിൽക്കുന്നതെന്ന് വി. ശിവൻകുട്ടി ആരോപിച്ചു. പിണറായി വിജയന്റെ കുടുംബത്തിൽ നിന്ന് ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും, കോൺഗ്രസിനും ബിജെപിക്കും ഇടയിലെ പാലം പണിയുന്നത് മുരളീധരന്റെ കുടുംബമാണെന്ന് അദ്ദേഹം തിരിച്ചറിയണമെന്നും മന്ത്രി പരിഹസിച്ചു. കോൺഗ്രസ് ഇപ്പോൾ ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരസഭയിൽ ബിജെപിക്ക് തടസ്സമാകില്ല തിരുവനന്തപുരം നഗരസഭയിലെ ജനവിധി മാനിക്കുന്നുവെന്നും ബിജെപിയുടെ ഭരണത്തിന് തടസ്സം നിൽക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സമാധാനപരമായി കൗൺസിൽ യോഗങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കും. നഗരസഭാ കെട്ടിടങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അത് പരിശോധിക്കാൻ പുതിയ ഭരണസമിതിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ് തകർത്ത കാലത്തെ നരസിംഹറാവുവിന്റെ മൗനം കോൺഗ്രസ് ഇന്നും തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സൈബർ ആക്രമണവും പരിഹാസവും എ.എ. റഹീമിനെതിരായ സൈബർ ആക്രമണങ്ങളെ തള്ളിക്കളഞ്ഞ മന്ത്രി, തനിക്കെതിരെ ഇപ്പോൾ സൈബർ ആക്രമണങ്ങളൊന്നുമില്ലാത്തതിൽ ‘വിഷമമുണ്ടെന്ന്’ പരിഹസിക്കുകയും ചെയ്തു. ഒരാളും സൈബർ തൊഴിലാളികളുടെ ചെലവിലല്ല ജീവിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
