
കണ്ണൂർ: സ്വയം പരിശോധിക്കേണ്ട പോരായ്മകൾ പാർട്ടിക്കകത്തുതന്നെ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം നേതാവ് പി. ജയരാജൻ. കുറെയൊക്കെ പരിശോധിച്ചു, പരസ്യമായി പറയേണ്ടത് പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷം ഉയർന്നുവരുമെന്നും പി. ജയരാജൻ പറഞ്ഞു. അതുപോലെ ടി.കെ ഗോവിന്ദൻ, പി. കുഞ്ഞികൃഷ്ണൻ, ജി. സുധാകരൻ എന്നിവർ പാർട്ടിയിൽ നിന്ന് വിട്ടുപോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും പി. ജയരാജൻ പറഞ്ഞു.
ദീർഘകാലം പരിചയമുള്ള കേഡർമാർ ശത്രുക്കൾക്കൊപ്പം ചേർന്നു. കൂടം മുട്ടിയാൽ കീടം തെറിക്കും. കൊല്ലന്റെ ആലയിൽ നിന്ന് തെറിക്കുന്ന കീടങ്ങൾ ഉപയോഗിച്ച് ആയുധം ഉണ്ടാക്കാൻ സാധിക്കുമോ? സിപിഎമ്മിൽ പോരായ്മ ഉണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ജയരാജൻ വ്യക്തമാക്കി. അതിനുള്ള ജനാധിപത്യ സംവിധാനവും സിപിഎം നേതൃത്വവുമുണ്ട്. അതിനുപകരം സിപിഎമ്മിനെ തകർക്കാൻ ആഗ്രഹിക്കുന്ന വിരുദ്ധ ശക്തികളോടൊപ്പം ചേർന്ന് പാർട്ടിയെ കടന്നാക്രമിക്കുന്ന തെറ്റിലേക്കാണ് ഇവർ പോയിട്ടുള്ളത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പരിശ്രമങ്ങൾ പാർട്ടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെതിരെയുള്ള സൈബർ ആക്രമണത്തിലും പി. ജയരാജൻ പ്രതികരിച്ചു. സിപിഎമ്മിന്റെ നേതാവായതുകൊണ്ടാണ് ഇത്തരത്തിലുള്ള കടന്നാക്രമം ഉണ്ടാകുന്നത്. ഇന്ന് രാഗേഷ്, ഇന്നലെ വേറൊരാൾ, മിനിഞ്ഞാന്ന് വേറെയാൾ എന്ന നിലയിലുള്ള സൈബറാക്രമണം. ചിലർ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം തലപ്പത്തുള്ള നേതാക്കളാണെന്ന വ്യാഖ്യാനമുണ്ടാക്കിയെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.
