Home » Blog » Top News » കുഷ്ഠരോഗ നിർണ്ണയ കാമ്പയിൻ: ‘അശ്വമേധം 7.0’ ജനുവരി 7 മുതൽ
images - 2025-12-23T192056.205

സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന കാമ്പയിൻ ‘അശ്വമേധം 7.0’യുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. എ.ഡി.എം. ആശ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഏകോപനയോഗത്തിൽ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ജനുവരി ഏഴ് മുതൽ 26 വരെ സംഘടിപ്പിക്കുന്ന ക്യാമ്പയിനിൽ സന്നദ്ധപ്രവർത്തകരുടെ 3900 ഓളം സംഘങ്ങൾ ജില്ലയിലെ വീടുകൾ സന്ദർശിച്ച് കുഷ്ടരോഗത്തെക്കുറിച്ച് അവബോധം നൽകും. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ വിദഗ്ദ്ധ പരിശോധനയ്ക്കായി അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലേയ്ക്ക് റഫർ ചെയ്യൽ, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർഥികൾക്കിടയിൽ ക്യു ആർ കോഡ് ഉപയോഗിച്ചുള്ള ബോധവത്ക്കരണം, പൊതുഗതാഗത സംവിധാനങ്ങളിൽ ബോധവത്ക്കരണ സ്റ്റിക്കർ പതിക്കൽ മുതലായവ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ദിലീപ് കുമാർ, ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, ആരോഗ്യം, പൊലീസ്, റെയിൽവെ, വനിതശിശുക്ഷേമം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.