മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിലുണ്ടായ സ്വകാര്യ ബസ് അപകടം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡി.സി.ആർ.ബി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മോട്ടോർ വാഹന വകുപ്പിലെയും നാറ്റ്പാക്കിലെയും ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.
ജൂലൈ 26 ഞായറാഴ്ച രാവിലെ 10.50-ഓടെ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപമായിരുന്നു കോഴിക്കോട്– തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ഡിഫെൻഡർ’ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരാൾ മരണപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രാഥമിക പരിശോധനകൾ പൂർത്തിയായി വരികയാണെന്നും ഡ്രൈവറുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു. അതേസമയം അപകടത്തിൽ മരണപ്പെട്ട കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ദേവസ്വം ബോർഡ് പരീക്ഷയ്ക്കായി സഹോദരൻ വൈശാഖിനൊപ്പം പോകുന്നതിനിടെയാണ് വൈഷ്ണവ് സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വൈശാഖിനും പരിക്കേറ്റിരുന്നു.
