Home » Blog » kerala Max » കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ; നടപടിക്കൊരുങ്ങി കേന്ദ്രം
instagram-e1745392958513

<strong>ന്യൂഡൽഹി</strong>: കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടെന്ന ഗുരുതര ആരോപണത്തെ തുടർന്ന് മെറ്റ കമ്പനിയുടെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താൻ കേന്ദ്ര സർക്കാർ. ഈ വിഷയത്തിൽ മെറ്റയ്ക്ക് നോട്ടീസ് നൽകാനും വിശദീകരണം തേടാനും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ് നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഇൻസ്റ്റഗ്രാമിൽ പരസ്യങ്ങളിലൂടെ പ്രചരിക്കാൻ എങ്ങനെ ഇടയായി എന്നതിനെക്കുറിച്ചാണ് മന്ത്രാലയം മെറ്റയോട് വിശദീകരണം ആവശ്യപ്പെടുന്നതെന്നാണ് റിപ്പോർട്ട്.

ഇൻസ്റ്റഗ്രാമിൽ പണം നൽകിയുള്ള ചില പരസ്യങ്ങളിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കപ്പെട്ടതായി ബിബിസി ഐ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ചില പരസ്യങ്ങളിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന വാക്കുകളും ലിങ്കുകളും ഉണ്ടായിരുന്നുവെന്നും അവ ടെലഗ്രാം ചാനലുകളിലേക്ക് വഴിതിരിച്ചുവിട്ടിരുന്നുവെന്നുമായിരുന്നു റിപ്പോർട്ട്. ഇന്ത്യയിൽ വ്യാജ ഐഡന്റിറ്റിയിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് പ്ലാറ്റ്‌ഫോമിൻ്റെ ശുപാർശകളുടെ സ്വഭാവം പഠിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ഉപയോക്താക്കൾ ആവശ്യപ്പെടാതെ തന്നെ ലൈംഗിക സൂചനകളുള്ള ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോം നിർദ്ദേശിക്കുന്നതായും കണ്ടെത്തിയെന്നാണ് ബിബിസി ഐ പറയുന്നത്.

ലൈംഗിക സൂചനകൾ ഉൾക്കൊള്ളുന്ന ചില അക്കൗണ്ടുകൾ പിന്തുടർന്നതിന് പിന്നാലെ ബിബിസി ഐ ഉണ്ടാക്കിയ അക്കൗണ്ടിലേക്ക് സമാന സ്വഭാവമുള്ള നിരവധി പരസ്യങ്ങൾ എത്തിത്തുടങ്ങി. പിന്നീട് കുട്ടികളെ ഉൾപ്പെടുത്തിയ ലൈംഗിക ചൂഷണ സൂചനകളുള്ള പരസ്യങ്ങളും ടെലഗ്രാം ലിങ്കുകളും ലഭിച്ചതായി റിപ്പോർട്ട് പറയുന്നു. കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഏകദേശം 30 വ്യത്യസ്ത പരസ്യങ്ങൾ ഒരു ആഴ്ചയ്ക്കിടെ കണ്ടെത്തിയതായാണ് ബിബിസി ഐ പറയുന്നത്. ഇതിന് പുറമെ പ്രായപൂർത്തിയായവരുടെ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട നിരവധി പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടതായും ബിബിസി വ്യക്തമാക്കുന്നു.

റിപ്പോർട്ടിൽ പരാമർശിച്ച ചില പരസ്യങ്ങളിൽ കുട്ടികളെ ലൈംഗിക സാഹചര്യങ്ങളിൽ ചിത്രീകരിച്ചിരുന്നുവെന്നും, ചിലത് കുട്ടികൾ ലൈംഗിക അതിക്രമത്തിനിരയായതായി സൂചിപ്പിക്കുന്ന രീതിയിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഇവയിൽ ഒന്നിനെതിരെ പരാതി നൽകിയപ്പോൾ, അത് കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്ന മറുപടിയാണ് ഇൻസ്റ്റഗ്രാം ആദ്യം നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.റിപ്പോർട്ടിൽ പരാമർശിച്ച നിരവധി പരസ്യങ്ങളും അക്കൗണ്ടുകളും ഇതിനകം നീക്കം ചെയ്തതായും, കൂടുതൽ പരിശോധനയ്ക്ക് ശേഷം നിയമവിരുദ്ധ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട മറ്റ് പരസ്യങ്ങളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായുമാണ് ബിബിസിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി മെറ്റ അറിയിച്ചത്. ‘ഒരു സംവിധാനവും പൂർണമായും പിഴവില്ലാത്തതല്ല.

ചിലപ്പോൾ പരിശോധനാ സംവിധാനങ്ങളിൽ വീഴ്ച സംഭവിക്കാം. എന്നാൽ, പരസ്യങ്ങൾ പ്രസിദ്ധീകരിച്ച ശേഷവും അവ നിരീക്ഷിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. നിയമലംഘന ഉള്ളടക്കങ്ങൾ ഉപയോക്താക്കൾക്ക് റിപ്പോർട്ട് ചെയ്യാനും അവസരമുണ്ട്’ എന്നാണ് മെറ്റ വ്യക്തമാക്കിയത്. കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം കണ്ടെത്തുന്ന സാഹചര്യത്തിൽ ബാധകമായ നിയമങ്ങൾ പാലിച്ച് അത് അമേരിക്കയിലെ National Center for Missing and Exploited Children (NCMEC) എന്ന ആഗോള റിപ്പോർട്ടിംഗ് സംവിധാനത്തിന് കൈമാറാറുണ്ടെന്നും മെറ്റ അറിയിച്ചു.
നേരത്തെ മെസേജിംഗ് പ്ലാറ്റ്ഫോമുകളിൽ യൂസർനെയിം ഫീച്ചർ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരിശോധന വ്യാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ആദ്യം വാട്ട്സ് ആപ്പിനാണ് നോട്ടീസ് അയച്ചത്. വാട്ട്‌സാപ്പിലെ പുതിയ യൂസര്‍ ഐഡി ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ചാണ് മെറ്റക്ക് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചത്.ഓണ്‍ലൈന്‍ തട്ടിപ്പിനായി ഫീച്ചര്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. വാട്സ്ആപ്പിന് സമാനമായ ആശങ്കകൾ ഉയർന്നതിന് പിന്നാലെ ടെലഗ്രാം, സിഗ്നൽ എന്നീ പ്ലാറ്റ്ഫോമുകൾക്കും കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) നോട്ടീസ് അയച്ചിരുന്നു. യൂസർനെയിം സംവിധാനത്തിലൂടെ ഉണ്ടാകാവുന്ന തട്ടിപ്പ്, ആൾമാറാട്ടം, മറ്റ് ഓൺലൈൻ ദുരുപയോഗങ്ങൾ എന്നിവ തടയാൻ എന്തെല്ലാം സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദീകരിക്കാനാണ് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ടെലഗ്രാമിനോടും സിഗ്നലിനോടും ആവശ്യപ്പെട്ടത്.
ടെലഗ്രാമിൽ ഈ സൗകര്യം തുടരാൻ അനുവദിക്കുന്നതിൻ്റെ അടിസ്ഥാനമെന്താണെന്ന് സർക്കാർ ചോദിച്ചതായിട്ടായിരുന്നു റിപ്പോർട്ട്.