കുടുംബാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും സമഗ്രവുമായ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കാൻ കഴിയുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു.തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കൊറോം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമാണം പൂർത്തീകരിച്ച പുതിയ എഫ്. എച്ച്. സി കെട്ടിടോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിൽ ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും കാൻസർ, കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യകരമായ ജീവിതരീതി സ്വീകരിക്കുന്നത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങളുടെ അടിത്തറ സബ് സെന്ററുകളാണെന്നും അതിന് മുകളിലായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സി) ഉൾപ്പെടെയുള്ള ഘടനയിലൂടെയാണ് ആരോഗ്യ സേവനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ജനങ്ങൾക്ക് കാര്യക്ഷമമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഈ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
എം.എൽ.എ ആസ്തി വികസന ഫണ്ടിൽ 40 ലക്ഷം രൂപ ചിലവിലാണ് കൊറോം കുടുംബരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 80 ചതുരശ്ര മീറ്റർ വിസ്തീർണത്തോടുകൂടി പൂർത്തീകരിച്ച കെട്ടിടത്തിൽ ഓഫീസ് റൂം, മെഡിക്കൽ ഓഫിസർ റൂം ലാബ് വെയ്റ്റിങ് ഏരിയ, ടോയ്ലറ്റകൾ കൂടാതെ റാമ്പും ഉൾപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ പ്രവർത്തികളും പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ മേൽ നോട്ടത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്.
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. എം പ്രമോദ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സൽമ മൊയിൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുള്ള കേളോത്ത്, തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷിന്റോ കല്ലിങ്കൽ, ഗ്രാമ പഞ്ചായത്ത് അംഗം ഹാരിസ് വാഴയിൽ, തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം. കെ നസീർ, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുത്തു.
