കിളിമാനൂരിലെ ദമ്പതികളുടെ മരണത്തിനിടയാക്കിയ ഥാർ ജീപ്പ് അപകടക്കേസിലെ മുഖ്യപ്രതി വിഷ്ണു നെയ്യാറ്റിൻകരയിൽ വെച്ച് പൊലീസ് പിടിയിലായി. ഒളിവിൽ കഴിയുകയായിരുന്ന വള്ളക്കടവ് സ്വദേശിയായ വിഷ്ണുവിനെ ആറ്റിങ്ങൽ ഡിവൈഎസ്പി സ്ക്വാഡാണ് പിടികൂടിയത്. കിളിമാനൂർ സ്വദേശികളായ രജിത്തും ഭാര്യ അംബികയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ വിഷ്ണു ഓടിച്ച ജീപ്പ് അമിതവേഗതയിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അംബിക ഏഴാം തീയതിയും രജിത്ത് കഴിഞ്ഞ ദിവസവുമാണ് മരണത്തിന് കീഴടങ്ങിയത്.
ഈ കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച വലിയ ജനരോഷത്തിന് കാരണമായിരുന്നു. അപകടത്തിന് പിന്നാലെ നിർത്താതെ പോയ ജീപ്പ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി വിഷ്ണുവിനെ പൊലീസിനെ ഏൽപ്പിച്ചിരുന്നുവെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. പിന്നീട് അംബിക മരിച്ചതിന് ശേഷമാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. എന്നാൽ അപ്പോഴേക്കും ഇയാൾ ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.
പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ ദമ്പതികളുടെ മക്കളെയും കൊണ്ട് കിളിമാനൂർ പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാർ വൻ പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രതിഷേധത്തിന് തൊട്ടുപിന്നാലെയാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. അപകടസമയത്ത് വാഹനത്തിൽ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായും അവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും സൂചനയുണ്ട്.
