Home » Blog » kerala Max » കിലോക്ക് 300 രൂപ; ചരിത്രം കുറിച്ച് റബ്ബർ വില
8

കൊച്ചി: ചരിത്രത്തിലാദ്യമായി കേരളത്തിൽ റബ്ബർ വില കിലോഗ്രാമിന് 300 രൂപ കടന്നു. റബ്ബർ ബോർഡിന്റെ ഔദ്യോഗിക നിരക്ക് പ്രകാരം കോട്ടയം മാർക്കറ്റിൽ ആർ.എസ്.എസ് 4 (RSS-4) ഗ്രേഡ് റബ്ബറിന്റെ വില കിലോഗ്രാമിന് 300 രൂപയിലെത്തി. കൂടാതെ ആർ.എസ്.എസ് 5 ഗ്രേഡിന് 294 രൂപയും ലാറ്റക്സിന് 197 രൂപ 60 പൈസയുമാണ് ഇന്നത്തെ വ്യാപാര നിരക്കുകൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന പ്രതികൂല കാലാവസ്ഥയും പശ്ചിമേഷ്യൻ പ്രതിസന്ധികളുമാണ് റബ്ബർ ഉത്പാദനത്തെ ബാധിക്കുകയും വിപണിയിൽ വില വർദ്ധനവിന് കാരണമാകുകയും ചെയ്തത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതോടെ കൃത്രിമ റബ്ബറിന്റെ (സന്തറ്റിക് റബ്ബർ) ഉത്പാദനച്ചെലവ് ഗണ്യമായി വർദ്ധിച്ചു. ഇത് മൂലം പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ സ്വാഭാവിക റബ്ബറിനെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയത് വിപണിയിൽ ഡിമാൻഡ് കൂട്ടി. ചരക്കുനീക്കത്തിലെ തടസ്സങ്ങൾ തുടരുന്നതിനാൽ വരും ദിവസങ്ങളിലും വില ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.

കർഷകർ കൂടുതൽ വില പ്രതീക്ഷിച്ച് റബ്ബർ സ്റ്റോക്ക് ചെയ്യുന്നതും വിപണിയിലെ ലഭ്യത കുറച്ചിട്ടുണ്ട്. ചില പ്രമുഖ ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽ നിന്ന് കിലോഗ്രാമിന് 303 രൂപയ്ക്ക് വരെ റബ്ബർ സംഭരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *