സ്മാർട്ട്ഫോൺ വിപണിയെ അമ്പരപ്പിക്കാൻ റിയൽമിയുടെ കരുത്തൻ വരുന്നു. സ്മാർട്ട്ഫോൺ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററികളിലൊന്നായ 10,000 mAh കരുത്തുള്ള ഫോൺ ഈ മാസം ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന ഈ സ്മാർട്ട്ഫോണിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് ലോഞ്ച് സംബന്ധിച്ച സൂചനകൾ പുറത്തുവന്നത്.
10,000mAh ബാറ്ററി ശേഷിയുണ്ടെങ്കിലും ഫോണിന്റെ കനം വെറും 8.5 mm മാത്രമായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത്രയും വലിയ ബാറ്ററി ഉണ്ടായിട്ടും ഫോണിന്റെ ഭാരം 200 ഗ്രാമിന് മുകളിലാകാതെ നിലനിർത്താൻ റിയൽമിക്ക് സാധിച്ചിട്ടുണ്ട്. ഫോണിനുള്ളിൽ വലിയ ബാറ്ററി ഉൾക്കൊള്ളിക്കാൻ പുതിയ ഡിസൈൻ രീതിയാണ് റിയൽമി അവലംബിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ മെയിൻ ബോർഡും ഇതിലുണ്ടാകും. റിയല്‍മിയുടെ മിഡ്-റേഞ്ചിലുള്ള പി സീരീസ് ലൈനപ്പിലുള്ളതാണ് 10,000 എംഎഎച്ച് ഫോണ്‍ എന്ന് വാര്‍ത്തകളുണ്ടെങ്കിലും അതിൽ സ്ഥിരീകരണമില്ല. ഈ ശ്രേണിയില്‍ പതിനായിരം എംഎഎച്ച് കരുത്തിലുള്ള ബാറ്ററിയുമായി വരുന്ന ആദ്യ ഫോണ്‍ ഇതാവാനും സാധ്യതയുണ്ട്.
റിയൽമി ആർഎംഎക്സ് 107 (RMX107) എന്ന മോഡൽ നമ്പറിലുള്ള ഈ ഫോൺ ജനുവരിയിൽ തന്നെ വിപണിയിലെത്തുമെന്ന് പ്രമുഖ ടിപ്സ്റ്ററായ യോഗേഷ് ബ്രാർ സൂചിപ്പിക്കുന്നു. റിയൽമിയുടെ മിഡ്-റേഞ്ച് സീരീസായ ‘പി’ (P-Series) ലൈനപ്പിലായിരിക്കും ഈ ഫോൺ ഉൾപ്പെടുകയെന്നും കരുതപ്പെടുന്നു. ചൈനീസ് ബ്രാൻഡുകൾക്കിടയിൽ ബാറ്ററി ശേഷി കൂട്ടാനുള്ള മത്സരം മുറുകുന്ന വേളയിലാണ് റിയൽമിയുടെ ഈ നീക്കം. വൺപ്ലസ് തങ്ങളുടെ നോർഡ് സീരീസിൽ 9,000 mAh ബാറ്ററി പരീക്ഷിക്കുന്നു എന്ന വാർത്തകൾക്കിടയിലാണ് റിയൽമി പതിനായിരം കടക്കുന്നത്.
