Home » Blog » Kerala » കിക്കോ’ കാമ്പയിനും പീഡിയാട്രിക് പാലിയേറ്റിവ് കെയര്‍ പോളിസിയും പുറത്തിറക്കി ആരോഗ്യവകുപ്പ് മാര്‍ഗരേഖ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു
HEALTH

കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയും ക്ഷേമവും ഉറപ്പാക്കുന്നതിന് ‘കിക്കോ’ ( കിഡ്സ് വെല്‍നസ് കാമ്പയിന്‍) സമഗ്ര ആരോഗ്യ ബോധവല്‍ക്കരണ കാമ്പയിനും രാജ്യത്തെ ആദ്യത്തെ സംസ്ഥാനതല പീഡിയാട്രിക് പാലിയേറ്റിവ് കെയര്‍ പോളിസിക്കും സംസ്ഥാന ആരോഗ്യ വകുപ്പ് തുടക്കം കുറിച്ചു. പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ആരോഗ്യം ആനന്ദം ഫെസ്റ്റിനോടനുബന്ധിച്ച് കണ്ണംപുത്തൂര്‍ ഗ്രൗണ്ടില്‍ കാമ്പയിന്‍ ഉദ്ഘാടനവും പോളിസി പ്രകാശനവും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

2026 ജനുവരി ഒന്നിന് ആരോഗ്യവകുപ്പ് ‘ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നെസ്’ എന്ന ബൃഹത്തായ ആരോഗ്യ ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ച ഉറപ്പാക്കുന്നതിനായി ‘കിക്കോ’ കാമ്പയിന്‍ ആരംഭിക്കുന്നത്.

ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുമ്പോഴും അമിതവണ്ണം, പോഷകാഹാരക്കുറവ്, സ്‌ക്രീന്‍ ടൈം കൂടുന്നത് മൂലമുള്ള ഏകാഗ്രത കുറവ് എന്നിങ്ങനെ പുതിയ കാലത്തെ ആരോഗ്യപ്രശ്നം കുട്ടികളെ ബാധിക്കുന്നുണ്ട്. കുട്ടികളെ ആരോഗ്യകരമായ, പോഷകഗുണമുള്ള ഭക്ഷണത്തിലേക്ക് പ്രേരിപ്പിക്കുക, അമിതവണ്ണം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും ബോധവല്‍ക്കരണം സൃഷ്ടിക്കുക, ദിവസേനെയുള്ള ശാരീരിക വ്യായാമവും ഉല്ലാസ പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക, മൊബൈല്‍, ടിവി, വീഡിയോ/ഓണ്‍ലൈന്‍ ഗെയിമിംഗ് തുടങ്ങി സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കുക, മാനസികാരോഗ്യവും സാമൂഹിക വളര്‍ച്ചയും ഉറപ്പാക്കുന്ന പ്രവര്‍ത്തനം സംഘടിപ്പിക്കുക, കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സ്‌കൂള്‍ അടിസ്ഥാനത്തിലുള്ള പരിപാടികള്‍, ആരോഗ്യ ക്യാമ്പുകള്‍, ഇന്ററാക്ടീവ് സെഷനുകള്‍, ഡിജിറ്റല്‍ ബോധവല്‍ക്കരണ സാമഗ്രികള്‍ എന്നിവ വഴിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം എന്നിവയാണ് കാമ്പയിനിന്റെ ഭാഗമായി നടപ്പാക്കുന്നത്. ഇതിനായി കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ‘കിക്കോ’ എന്ന പ്രത്യേക ഭാഗ്യചിഹ്നം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഈ ഭാഗ്യചിഹ്നം വഴി ആരോഗ്യ സന്ദേശം ആകര്‍ഷകമായ രീതിയില്‍ കുട്ടികളിലേക്ക് എത്തിക്കും.

കിക്കോ കാമ്പയിനോടൊപ്പം രാജ്യത്ത് ആദ്യമായി സംസ്ഥാനതല പീഡിയാട്രിക് പാലിയേറ്റിവ് കെയര്‍ പോളിസി പുറത്തിറക്കി ആരോഗ്യ രംഗത്ത് കേരളം മറ്റൊരു മാതൃകാപരമായ ഇടപെടലും നടത്തി . ഗുരുതരവും ദീര്‍ഘകാലവുമായ അസുഖം മൂലം വേദന അനുഭവിക്കുന്ന കുട്ടികള്‍ക്ക് സമഗ്രവും മാനുഷികവുമായ പരിചരണം ഉറപ്പാക്കുകയാണ് പോളിസിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പാലിയേറ്റിവ് പരിചരണം ആവശ്യമായ കുട്ടികളെ വേഗത്തില്‍ തിരിച്ചറിയുന്നതിനും കൃത്യമായ ഏകോപനത്തിലൂടെ വളരെ വേഗത്തില്‍ സമയബന്ധിതമായ സേവനം ലഭ്യമാക്കാനും സാധിക്കും. കുട്ടിയെ പരിചരിക്കുന്നവര്‍, വീടുകള്‍ എന്നിവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ്, മാനസിക സാമൂഹിക പിന്തുണ എന്നിവയും ഉറപ്പാക്കാനാകും.

കേരളത്തിലെ ആരോഗ്യരംഗം കൂടുതല്‍ ശിശുസൗഹൃദമാക്കുകയും ഗുരുതരാവസ്ഥയിലുള്ള കുട്ടികള്‍ക്ക് വേദന ഇല്ലാതെ ഫലപ്രദമായ സേവനം ലഭ്യമാക്കുകയാണ് പോളിസി ലക്ഷ്യം.

ഇതിന്റെ ഭാഗമായി തയ്യാറാക്കിയ പീഡിയാട്രിക് പാലിയേറ്റീവ് കെയര്‍ മാര്‍ഗരേഖ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരിക്ക് നല്‍കി നിര്‍വഹിച്ചു. സംസ്ഥാന ചൈല്‍ഡ് ഹെല്‍ത്ത് ആന്‍ഡ് റെയര്‍ ഡിസീസസ് നോഡല്‍ ഓഫീസര്‍ ഡോ. യു. ആര്‍ രാഹുല്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.