കൊച്ചി: ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട്. കാർഡ് പേയ്‌മെന്റുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കുന്നതിനായി ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം ഫ്ലിപ്കാർട്ട് അവതരിപ്പിച്ചു.
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്, പ്രമുഖ ഫിൻടെക് പ്ലാറ്റ്‌ഫോമായ പേയു (PayU) എന്നിവയുമായി സഹകരിച്ചാണ് ഈ പുതിയ സുരക്ഷാ സംവിധാനം നടപ്പിലാക്കുന്നത്. ഇതോടെ കാർഡ് വഴിയുള്ള പണമിടപാടുകൾക്ക് എസ്എംഎസ് ഒടിപിക്ക് പകരം വിരലടയാളമോ ഫെയ്‌സ് ഐഡിയോ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ സുരക്ഷിതമായി ഓതന്റിക്കേഷൻ പൂർത്തിയാക്കാം. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഒരുപോലെ ഈ സേവനം ലഭ്യമാണ്.
നിലവിൽ ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന സിം സ്വാപ്പിംഗ്, ഒടിപി അധിഷ്ഠിത സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് വലിയൊരു പരിധിവരെ തടയിടാൻ ഈ ബയോമെട്രിക് സംവിധാനത്തിലൂടെ സാധിക്കുമെന്ന് ഫ്ലിപ്കാർട്ട് പേയ്‌മെന്റ്‌സ് ആൻഡ് സൂപ്പർകോയിൻസ് വിഭാഗം വൈസ് പ്രസിഡന്റ് ഗൗരവ് അറോറ പറഞ്ഞു. എസ്എംഎസ് വരാൻ വൈകുന്നതുമൂലം ഇടപാടുകൾ പരാജയപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും കൂടുതൽ വേഗത്തിൽ പേയ്‌മെന്റുകൾ നടത്താനും ഉപഭോക്താക്കൾക്ക് ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
