ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയും നടൻ വിജയ്യുടെ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിൽ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾക്ക് വൻ തിരിച്ചടി. നടൻ രജനീകാന്തിനെതിരെ ടിവികെ നേതാവ് ആദവ് അർജുന നടത്തിയ വിവാദ പരാമർശങ്ങളാണ് തിരിച്ചടിയായത്. ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണി മൂലമാണ് രജനീകാന്ത് രാഷ്ട്രീയത്തിൽനിന്ന് പിന്മാറിയതെന്നാണ് ആദവ് അർജുന പറഞ്ഞത്.
അണ്ണാ ഡിഎംകെ, ബിജെപി നേതാക്കൾ ടിവികെയെ പരസ്യമായി വിമർശിച്ച് രംഗത്തെത്തി. അർജുനയുടെ ആരോപണം രജനീകാന്ത് നിഷേധിച്ചു. ഇതിനു മറുപടി നൽകാൻ കാലം കാത്തിരിക്കുന്നുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. ഇതിന് “കാലം കാത്തിരുന്ന് മറുപടി നൽകുമെന്ന്” അദ്ദേഹം പറഞ്ഞു. അതോടൊപ്പം ടിവികെ നേതാവ് നടത്തിയ പരാമർശം “അസത്യം” ആണെന്നും അദ്ദേഹം വ്യക്തമാക്കി. “കാലം സംസാരിക്കില്ല, പക്ഷേ കാത്തിരിക്കുകയും ഉത്തരം നൽകുകയും ചെയ്യും”- എന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ടിവികെയും ബിജെപിയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നു എന്ന അഭ്യൂഹങ്ങൾ കുറച്ചു ദിവസങ്ങളായി ശക്തമായിരുന്നു. ഭരണകക്ഷിയായ ഡിഎംകെയെ നേരിടാൻ ടിവികെയ്ക്ക് 80 സീറ്റുകളും ഉപമുഖ്യമന്ത്രി പദവും ബിജെപി വാഗ്ദാനം ചെയ്തതായി ടിവികെ നേതാക്കളിൽ ചിലർ അവകാശപ്പെട്ടിരുന്നു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐക്ക് മുന്നിൽ ഹാജരാകാൻ വിജയ് ഡൽഹിക്ക് പോയതോടെ അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ, ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുനയുടെ വിവാദ പരാമർശത്തോടെ സഖ്യ ചർച്ചകൾ തടസ്സപ്പെട്ടിരിക്കുകയാണ്.
