മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പതുപേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ആറുപേർ കുട്ടികളാണ്. നാസിക്കിൽനിന്ന് 40 കിലോമീറ്റർ അകലെ ദിൻഡോരി താലൂക്കിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടമുണ്ടായത്.ശിവാജിനഗറിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘം.
ഇൻഡോറിൽനിന്നുള്ള സുനിൽ ദത്താത്രേയ ദർഗോഡും കുടുംബമാണ് അപകടത്തിൽപ്പെട്ടത്. സുനിൽ ദത്താത്രേയയാണ് കാറോടിച്ചിരുന്നത്. ഇടക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കാർ റോഡരികിലെ വെള്ളം നിറഞ്ഞ കിണറ്റിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് നിഗമനം. അപകടം നടന്നയുടൻ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തിയിരുന്നു. വെള്ളം നിറഞ്ഞ കിണറായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. പൊലീസിന്റെയും അഗ്നിശമന സേനയുടെയും സംസ്ഥാന -ദേശീയ ദുരന്ത നിവാരണ സേനകളുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.
ക്രെയിനുകൾ ഉപയോഗിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വാഹനം പുറത്തെടുത്തത്. കാറിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തു. സുനിൽ ദത്താത്രേയ ദർഗോഡ് (34), ഭാര്യ രേഷ്മ (30), മകൾ രാഖി എന്ന ഗുൻവന്തി (10), മരുമക്കൾ മാധുരി (13), ശ്രാവണി (11), ആശ അനിൽ ദർഗോഡ് (32), മകൻ ശ്രേയാഷ് (11), മകൾ സൃഷ്ടി (14), മരുമകൾ സമൃദ്ധി (7) എന്നിവരാണ് മരിച്ചത്.
