Home » Blog » kerala Max » കായികാധ്യാപകനായി ജോലി ചെയ്യവേ കോളേജിൽ വിദ്യാർഥിയായി പ്രവേശനം നേടി; എസ്.എഫ്.ഐ ചെയർമാൻ സ്ഥാനാർഥിയുടെ അഡ്മിഷൻ റദ്ദാക്കി
kerala-university-680x450

തിരുവനന്തപുരം: സ്കൂളിൽ പൂർണ്ണസമയ അധ്യാപകനായിരിക്കെ കോളേജിൽ എം.കോമിന് പ്രവേശനം നേടിയ എസ്.എഫ്.ഐ സ്ഥാനാർഥിയുടെ അഡ്മിഷൻ കേരള സർവകലാശാല റദ്ദാക്കും. കായംകുളം എം.എസ്.എം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയുടെ ചെയർമാൻ സ്ഥാനാർഥിയായ അൽ അമീന്റെ പ്രവേശനമാണ് റദ്ദാക്കാൻ തീരുമാനിച്ചത്. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിഷൻ മോണിറ്ററിങ് കമ്മിറ്റിയുടേതാണ് നടപടി.

സ്വകാര്യ സ്കൂളിൽ പൂർണ്ണസമയ കായികാധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു അൽ അമീൻ. ഈ വിവരങ്ങൾ മറച്ചുവെച്ചാണ് എം.എസ്.എം കോളേജിൽ എം.കോമിന് ചേർന്നതും പഠനം തുടർന്നതും. വിദ്യാർഥി സ്കൂളിലെ മുഴുവൻ സമയ അധ്യാപകനാണെന്ന് സ്ഥിരീകരിച്ച് പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് കത്ത് നൽകിയതോടെയാണ് നടപടിയെടുത്തത്. പ്രവേശനം റദ്ദാക്കപ്പെട്ടതോടെ സെപ്റ്റംബർ 18 വെള്ളിയാഴ്ച നടക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരവും അൽ അമീന് നഷ്ടപ്പെടും.

സുപ്രീംകോടതി അംഗീകരിച്ച ലിങ്ദോ കമ്മിറ്റി നിർദേശപ്രകാരം കോളേജ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 75 ശതമാനം ഹാജർ നിർബന്ധമാണ്. പൂർണ്ണസമയ അധ്യാപകനായി ജോലി ചെയ്ത വിദ്യാർഥിക്ക് എങ്ങനെ നിശ്ചിത ഹാജർ ലഭിച്ചു എന്നത് സംബന്ധിച്ച് സർവകലാശാല പ്രത്യേക അന്വേഷണം നടത്തും. റായ്പൂർ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി മുൻപ് ഇതേ കോളേജിൽ എസ്.എഫ്.ഐ നേതാവ് പ്രവേശനം നേടിയത് വലിയ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *