കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ സുഗതന്റെ അംഗത്വം റദ്ദാകാതിരിക്കാൻ അവധി അപേക്ഷയുമായി ഭരണസമിതി രംഗത്തെത്തിയതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നത്തെ കൗൺസിൽ യോഗം കലുഷിതമായേക്കും. വാഴോട്ടുകോണം കൗൺസിലറായ സുഗതന്റെ അവധി അപേക്ഷ മേയർ വി. വി. രാജേഷ് കൗൺസിലിന്റെ അംഗീകാരത്തിനായി വെയ്ക്കുമ്പോൾ അതിനെ ശക്തിയായി എതിർക്കാനാണ് എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികളുടെ തീരുമാനം. അപേക്ഷ തള്ളിയാൽ തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാത്തതിന്റെ പേരിൽ മുനിസിപ്പൽ ആക്ട് പ്രകാരം സുഗതന് കൗൺസിലർ സ്ഥാനം നഷ്ടപ്പെടും.
പ്രതിപക്ഷ ആവശ്യപ്രകാരം അപേക്ഷ വോട്ടിനിട്ടാൽ കേവലഭൂരിപക്ഷം മാത്രമുള്ള ബി.ജെ.പി ഭരണസമിതി കടുത്ത പ്രതിരോധത്തിലാകും. 101 അംഗങ്ങളുള്ള കോർപ്പറേഷനിൽ ബി.ജെ.പിക്ക് ഒരു സ്വതന്ത്രന്റെ പിന്തുണയടക്കം 51 വോട്ടാണുള്ളത്. എൽ.ഡി.എഫിന് 29-ഉം യു.ഡി.എഫിന് 20-ഉം അംഗങ്ങളാണുള്ളത്. അതിനാൽ യു.ഡി.എഫ് വിമതന്റെ വോട്ട് ഈ ഘട്ടത്തിൽ ഏറെ നിർണായകമാകും. സാധാരണയായി ആരോഗ്യപരമായ കാരണങ്ങൾക്കാണ് അവധി അനുവദിക്കാറുള്ളതെന്നും കാപ്പാ കേസിൽ ജയിലിൽ കിടക്കുന്നയാൾക്ക് ഇത് ബാധകമല്ലെന്നുമാണ് പ്രതിപക്ഷ നിലപാട്.
