Home » Blog » Top News » കാന്തിലോട്ട് തെക്ക്-വടക്ക് നഗറില്‍ ഇനി വികസന വെളിച്ചം; ഉദ്ഘാടനം മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു
KELU-680x450

പട്ടികജാതി ഉന്നതികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടന്ന ഗ്രാമപഞ്ചായത്തിലെ കാന്തിലോട്ട് തെക്ക്-വടക്ക് നഗര്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ നൂറോളം ‘ഉന്നതി’കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ചുരുങ്ങിയത് 25 വീടുകളെങ്കിലുമുള്ള ഉന്നതികളെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വലിയ മാറ്റങ്ങളാണ് നടപ്പിലാക്കിയതെന്നും കൂടുതല്‍ നൂതനമായ പദ്ധതികള്‍ ഈ മേഖലയില്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.

തൃക്കരിപ്പൂര്‍ എം.എല്‍.എ.യുടെ ശുപാര്‍ശ പ്രകാരം 99,21,082 രൂപ ചെലവഴിച്ചാണ് കാന്തിലോട്ട് നഗറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേന ഉന്നതിയിലെ 57 വീടുകളുടെ അറ്റകുറ്റപ്പണികളും റോഡ് കോണ്‍ക്രീറ്റിംഗും നടത്തി. ടൈല്‍ വിരിക്കല്‍, പെയിന്റിംഗ്, തേപ്പ് തുടങ്ങിയ ജോലികളിലൂടെ വീടുകള്‍ക്ക് പുതുജീവന്‍ നല്‍കിയതിനൊപ്പം യാത്രാക്ലേശം പരിഹരിക്കാന്‍ റോഡുകളും നവീകരിച്ചു.

എം.രാജഗോപാലന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രൊജക്റ്റ് എഞ്ചിനീയര്‍ വി.സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ഡോ. സെറീന സലാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. സുധാകരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.പൂമണി, പി.കൈരളി, പി.വി. അശ്വതി, കെ. അസൈനാര്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. ചടങ്ങില്‍ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി സുബൈദ സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഒ.പി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു

/**for adding 05-02-2026*/