
തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലകളിലും സംരക്ഷിത പ്രദേശങ്ങളിലും പ്ലാസ്റ്റിക്കും ലയിക്കാത്ത മാലിന്യങ്ങളും വലിച്ചെറിയുന്നവർക്കെതിരെ നടപടി കടുപ്പിച്ച് വനംവകുപ്പ്. ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, കമ്യൂണിറ്റി റിസർവുകൾ എന്നിവടങ്ങളിൽ മാലിന്യം തള്ളിയാൽ 2000 രൂപ സ്ഥലത്തുവെച്ചുതന്നെ പിഴയായി ഈടാക്കും. ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവ് പ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്കിലോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥർക്ക് പിഴ ചുമത്താൻ അധികാരമുണ്ടാകും. പിഴയടയ്ക്കാൻ തയ്യാറാകാത്തവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് എടുക്കാനാണ് തീരുമാനം.
വിനോദസഞ്ചാരികൾക്ക് പുറമേ വനത്തിനുള്ളിലെ ജനവാസകേന്ദ്രങ്ങളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഈ സംരക്ഷിത പാതകളിലൂടെ യാത്ര ചെയ്യുന്ന എല്ലാവർക്കും ഈ നിയമം ബാധകമായിരിക്കും. വനമേഖലയിൽ നിന്നും ശേഖരിക്കുന്ന ഈ പിഴത്തുക ആ പ്രദേശങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് മാത്രമായിരിക്കും ഉപയോഗിക്കുക. സംരക്ഷിത മേഖലകളിൽ ഹരിതചട്ടം കൃത്യമായി നടപ്പാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ പ്രതിനിധികളും ഉൾപ്പെടുന്ന പ്രത്യേക സമിതികൾ രൂപീകരിക്കാനും പദ്ധതിയുണ്ട്.
സന്ദർശകർ വനത്തിൽ ഉപേക്ഷിക്കുന്ന ആഹാരാവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും വന്യമൃഗങ്ങളും പക്ഷികളും ഭക്ഷിക്കുന്നത് അവയുടെ ജീവന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തിന്റെ 29 ശതമാനത്തോളം വരുന്ന വനമേഖല ജനവാസകേന്ദ്രങ്ങളുമായി ചേർന്നു കിടക്കുന്നതിനാൽ ഇത്തരം മാലിന്യം തള്ളൽ പരിസ്ഥിതിക്കും വലിയ ആഘാതമുണ്ടാക്കുന്നു. ഇതിന് തടയിടാനാണ് വനംവകുപ്പിന്റെ പുതിയ നീക്കം.
