വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ പിതാവ് നൽകിയ സ്വത്ത് നഷ്ടമാകുമെന്ന ആധാരത്തിലെ വ്യവസ്ഥകൾക്ക് നിയമപരമായ നിലനിൽപ്പില്ലെന്ന് ഹൈക്കോടതി. ഇത്തരം കടുത്ത നിബന്ധനകൾ ഇന്ത്യൻ കരാർ നിയമത്തിനും പൊതുതാത്പര്യത്തിനും പൂർണ്ണമായും വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. പിതാവ് എഴുതിവെച്ച ധനനിശ്ചയാധാരത്തിലെ ഈ വ്യവസ്ഥ ചൂണ്ടിക്കാണിച്ച് സഹോദരിയുടെ വിഹിതത്തിൽ അവകാശമുന്നയിച്ച വൈക്കം സ്വദേശി വർക്കിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ നിർണായക വിധി പ്രസ്താവിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
1965-ൽ തയ്യാറാക്കിയ ധനനിശ്ചയാധാരപ്രകാരം വർക്കിയുടെ സഹോദരി കത്രീനയ്ക്ക് പിതാവ് 10 സെന്റ് സ്ഥലം നൽകിയിരുന്നു. എന്നാൽ മകൾ വിവാഹിതയാകുകയോ അല്ലെങ്കിൽ കന്യസ്ത്രീയാകുകയോ ചെയ്താൽ ഈ ഭൂമി മകനായ വർക്കിക്ക് ലഭിക്കുമെന്ന ഒരു നിബന്ധനയും പിതാവ് ആധാരത്തിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് 1971-ൽ കത്രീന വിവാഹിതയായി ജർമ്മനിയിലേക്ക് പോവുകയും, 1983-ൽ പിതാവ് മരണപ്പെടുകയും ചെയ്തു
പിതാവിന്റെ മരണശേഷം ആധാരത്തിലെ ഈ പ്രത്യേക വ്യവസ്ഥ മുൻനിർത്തി 10 സെന്റ് സ്ഥലം സ്വന്തം പേരിലേക്ക് മാറ്റാൻ വർക്കി ശ്രമം തുടങ്ങി. ഇതോടെയാണ് സഹോദരി കത്രീന നിയമപോരാട്ടവുമായി കോടതിയെ സമീപിച്ചത്. കീഴ്ക്കോടതിയിൽ നിന്ന് ആദ്യം അനുകൂല ഉത്തരവ് ലഭിച്ചില്ലെങ്കിലും, അപ്പീലിൽ കോട്ടയം അഡീഷണൽ ജില്ലാ കോടതി കത്രീനയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതിനെതിരെയാണ് വർക്കി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, ഒരാൾ വിവാഹം കഴിക്കുന്നതിനെയോ കന്യാസ്ത്രീ ജീവിതം സ്വീകരിക്കുന്നതിനെയോ തടസ്സപ്പെടുത്തുന്ന രീതിയിലുള്ളതോ, അതിന്റെ പേരിൽ സ്വത്തവകാശം നിഷേധിക്കുന്നതോ ആയ വ്യവസ്ഥകൾ ഇന്ത്യൻ കരാർ നിയമത്തിലെ 26-ാം വകുപ്പ് പ്രകാരം പൂർണ്ണമായും അസാധുവാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം വ്യവസ്ഥകൾ പൊതുതാത്പര്യത്തിന് നിരക്കാത്തതാണെന്നും, പിതാവ് നൽകിയ 10 സെന്റ് സ്ഥലത്തിൽ കത്രീനയ്ക്ക് പൂർണ്ണമായ അവകാശമുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി വർക്കിയുടെ ഹർജി തള്ളിയത്.
